ആരംബായ് തെങ്കോൽ നേതാവിന്റെ അറസ്‌റ്റ്
മണിപ്പുർ വീണ്ടും കലുഷിതം ; സംഘപരിവാർ ബന്ധമുള്ള നേതാവിനെ മോചിപ്പിക്കാന്‍ വൻ അക്രമം

ന്യൂഡൽഹി
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് സംഘപരിവാർ ബന്ധമുള്ള ആരംബായ് തെങ്കോൽ നേതാവ് അറസ്റ്റിലായതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക അക്രമം. ശനി രാത്രി ഇംഫാൽ വിമാനത്താവളത്തിൽനിന്നാണ് കനൻ സിങ്ങിനെയും അഞ്ചുപേരെയും എൻഐഎ അറസ്റ്റുചെയ്‌തത്. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മെയ്‌ത്തീ വിഭാഗക്കാർ തെരുവിലിറങ്ങിയതോടെ രാഷ്‌ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ സ്ഥിതി കലുഷിതമായി.
ടയർ കൂട്ടിയിട്ട് കത്തിച്ച് റോഡുകൾ ഉപരോധിച്ചു. വാഹനങ്ങൾക്ക് തീയിട്ടു. പലയിടത്തും മെയ്‌ത്തീ വിഭാഗക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. വിമാനത്താവളത്തിൽ അതിക്രമിച്ചുകയറി. ഇംഫാലിൽ ശരീരത്തിൽ പെട്രോളൊഴിച്ച് പ്രതിഷേധക്കാർ ആത്മഹത്യാ ഭീഷണിമുഴക്കി. ഖുരായ് ലാംലോങ്ങിൽ ബസ് കത്തിച്ചു. രാജ്ഭവന് സമീപത്തെ കാംഗ്ല ഗേറ്റിൽ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്‌ചിങ് എന്നീ ജില്ലകളിൽ അഞ്ചുദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനം റദ്ദാക്കി. അഞ്ചു ജില്ലയിലും മെയ്‌ത്തീകൾ ബന്ദും പ്രഖ്യാപിച്ചു.
അഡീഷണൽ എസ്‌പിയുടെ വീടാക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി, ആയുധം കൊള്ളയടിച്ചു തുടങ്ങിയ ഗുരുതര കുറ്റങ്ങളിലാണ് കനൻ സിങ്ങിനെയും കൂട്ടാളികളെയും എൻഐഎ പിടികൂടിയത്. കുക്കി വിഭാഗക്കാർക്കെതിരെ ആക്രമണം നടത്താൻ 2023 മുതൽ 6,000-ത്തിലധികം ആയുധങ്ങൾ കൊള്ളയടിച്ചതിനും കേസുണ്ട്. ബിജെപി എംപിയും മെയ്‌ത്തീ നേതാവുമായ ലെയ്‌ഷെംബ സനജാവോബ സ്ഥാപിച്ച സായുധസംഘമാണിത്.
2023 മേയിൽ തുടങ്ങിയ കലാപത്തിൽ 260ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. കലാപം ആളിക്കത്തിക്കാൻ ബിജെപി മുഖ്യമന്ത്രി ബിരേൻ സിങ് ശ്രമിച്ചെന്ന് കുക്കി സംഘടനകൾ കുറ്റപ്പെടുത്തി. ഇതിനുതെളിവായി ബിരേൻ സിങ്ങിന്റെ ശബ്‌ദരേഖയും പുറത്തുവിട്ടിരുന്നു. ഇത് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിലാണ് ബിരേൻസിങ് രാജിവച്ചത്.









0 comments