മണിപ്പുർ രാഷ്ട്രപതി ഭരണം ; രാജ്യസഭ അംഗീകരിച്ചത്‌ പുലർച്ചെ 3:58ന്‌

Manipur President's Rule in rajyasabha
avatar
എം അഖിൽ

Published on Apr 05, 2025, 01:08 AM | 2 min read


ന്യൂഡൽഹി : മണിപ്പുരിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തിയത് സ്ഥിരീകരിക്കുന്ന പ്രമേയം വെള്ളിയാഴ്‌ച പുലർച്ചെ ഹ്രസ്വചർച്ചയിലൂടെ രാജ്യസഭയില്‍ പാസാക്കിയെടുത്ത്‌ കേന്ദ്രസർക്കാർ. വഖഫ്‌ ഭേദഗതിബിൽ പാസാക്കിയശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ മണിപ്പുർ പ്രമേയം അവതരിപ്പിച്ചു. അംഗങ്ങൾ ക്ഷീണിതരാണെന്നും പകൽ പരിഗണിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കറും സർക്കാരും വഴങ്ങിയില്ല.


മണിപ്പുർ വിഷയത്തിൽ ദീർഘചർച്ച നടന്നാൽ കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾ പൊളിയും. ഈ അപകടം മുന്നിൽക്കണ്ടാണ്‌ 14 മണിക്കൂര്‍ നീണ്ട വഖഫ്‌ ബില്‍ ചര്‍ച്ചയ്ക്കുശേഷം മണിപ്പുർ പ്രമേയം കൊണ്ടുവന്ന് പാസാക്കിയത്. വെള്ളി പുലർച്ചെ 2:47ന്‌ പ്രമേയം ചർച്ചയ്‌ക്ക്‌ എടുത്തു, 3:58ന്‌ പാസാക്കി.


ലോക്‌സഭയിലും ഇതേ അടവാണ്‌ അമിത്‌ഷായും കൂട്ടരും പയറ്റിയത്‌. വഖഫ്‌ ബില്‍ ചർച്ച വ്യാഴം പുലർച്ചെയൊടെ അവസാനിച്ചതിന് പിന്നലെയാണ് മണിപ്പുർ പ്രമേയം അവതരിപ്പിച്ചത്‌. പുലർച്ചെ രണ്ടിന്‌ ബിൽ അവതരിപ്പിച്ചു, 40 മിനിറ്റ്‌ ചർച്ചയ്‌ക്കുശേഷം പാസാക്കി.


ഭരണഘടനയുടെ 356–-ാം അനുച്ഛേദം അനുസരിച്ച്‌ ഏതെങ്കിലും സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാൽ രണ്ടുമാസത്തിനുള്ളിൽ പാർലമെന്റിന്റെ ഇരുസഭകളും അത്‌ അംഗീകരിക്കണം. സംഘർഷങ്ങളുണ്ടായി ഒന്നരവർഷം കഴിഞ്ഞിട്ടും മണിപ്പുര്‍ സന്ദർശിക്കാത്ത പ്രധാനമന്ത്രിയുടെ നിസംഗതയെ രാജ്യസഭയിൽ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. രാജ്യസഭ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ 2023 മെയ്‌ മൂന്നിന്‌ ശേഷം മണിപ്പുർ സ്വസ്ഥമായി ഉറങ്ങിയിട്ടില്ലെന്ന കാര്യം വിസ്‌മരിക്കരുതെന്ന്‌ എ എ റഹിം എംപി ചൂണ്ടിക്കാട്ടി.


 പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം പിരിഞ്ഞു

വിവാദ ബില്ലുകൾ ചുട്ടെടുത്തു; പ്രധാന വിഷയങ്ങളില്‍ ചർച്ചയില്ല

വിവാദ ബില്ലുകൾ തിടുക്കത്തിൽ പാസാക്കിയും സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെയും പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം അടുത്ത സമ്മേളനകാലയളവുവരെ അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞു. വെള്ളിയാഴ്ച ലോക്‌സഭയിലും രാജ്യസഭയിലും കാര്യമായ നടപടികൾ ഒന്നുമുണ്ടായില്ല.


വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കാൻ കഴിഞ്ഞത്‌ നേട്ടമായെന്ന്‌ സ്‌പീക്കർ ഓം ബിർള പറഞ്ഞു. വെള്ളി പുലർച്ചെ മൂന്ന്‌ വരെ നീണ്ട മാരത്തൺ ചർച്ചകൾക്കുശേഷമാണ്‌ വഖഫ്‌ ഭേദഗതി ബിൽ രാജ്യസഭ വോട്ടെടുപ്പിൽ പാസാക്കിയത്‌. 128 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 95 അംഗങ്ങൾ എതിർത്തും വോട്ട്‌ ചെയ്‌തു. ബുധനാഴ്‌ച ലോക്‌സഭയിലും ബിൽ പാസാക്കിയിരുന്നു. വെള്ളിയാഴ്ച സ്‌പീക്കർ സഭ പിരിച്ചുവിടുന്നതിന്‌ മുന്നോടിയായി നടത്തിയ പ്രസംഗത്തിനിടയിലും പ്രതിപക്ഷം വഖഫ്‌ ബില്ലിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി.


ഒരേ നമ്പറുകളുള്ള വോട്ടർകാർഡുകളുടെ ഇരട്ടിപ്പ്, സ്‌റ്റാർലിങ്കിന്‌ അനുമതി, മണ്ഡല പുനർനിർണയം, മണിപ്പുരിലെ അശാന്തി, സംസ്ഥാനങ്ങൾക്ക്‌ നേരെയുള്ള കേന്ദ്രത്തിന്റെ കടന്നാക്രമണം, അമേരിക്കൻ പ്രതികാരത്തീരുവ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ പ്രതിപക്ഷം സമ്മേളനത്തിനിടെ ഉയർത്തി. എന്നാൽ, ഈ വിഷയങ്ങളൊന്നും ചർച്ച ചെയ്യാതെ വിവാദബില്ലുകൾ പാസാക്കി പാർലമെന്റ്‌ പിരിയുകയായിരുന്നു.

വിദേശപൗരൻമാരുടെ അവകാശങ്ങൾ ഹനിക്കുന്ന ‘ഇമിഗ്രേഷൻ ആൻഡ്‌ ഫോറിനേഴ്‌സ്‌ ആക്‌ട്‌’, ത്രിഭുവൻ സഹകാരി സർവകലാശാല നിയമം, ബാങ്കിങ് നിയമ ഭേദഗതി, റെയിൽവേ ഭേദഗതി, ബോയ്‌ലേഴ്‌സ്‌ ബിൽ, ഓയിൽഫീൽഡ്‌സ്‌ റെഗുലേഷൻ ബിൽ, ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ ബിൽ, മണിപ്പുർ ബജറ്റ്‌, ധനബിൽ തുടങ്ങിയവയും ഈ സമ്മേളന കാലയളവിൽ പാസാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home