മംഗളൂരുവിൽ മലയാളി യുവാവിനെ ഹിന്ദുത്വ വാദികൾ തല്ലിക്കൊന്ന സംഭവം; പൊലീസുകാർക്ക് സസ്‍പെൻഷൻ

മംഗളൂരു: മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ കേസിൽ കൃത്യവിലോപം കാട്ടിയ പൊലീസുകാർക്ക് സസ്‍പെൻഷൻ. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലലിംഗ എന്നിവരെയാണ് കമ്മീഷ്ണർ അനുപം അഗർവാൾ സസ്‌പെന്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് വയനാട് പുൽപള്ളി മൂച്ചിക്കാടൻ കുഞ്ഞിതിന്റെ മകൻ അഷ്‌റഫിനെയാണ് കുടുപ്പു സാമ്രാട്ട് ഗയ്സ് ക്ലബ്ബിലെ ഹിന്ദുത്വ വാദികൾ തല്ലി കൊന്നത്. പ്രതികളെ സംരക്ഷിക്കാനായിരുന്നു ആദ്യം മുതലെയുള്ള പൊലീസ് ശ്രമം. നാട്ടിലെ വീട് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ജപ്തിയിലായതിനാൽ കുറച്ച് വർഷങ്ങളായി കുഞ്ഞീതുവും കുടുംബവും വയനാട് പുൽപ്പള്ളിയിലാണ് താമസം. ആക്രി പെറുക്കി ഉപജീവനം കഴിയുന്ന യുവാവ് മാനസിക വെല്ലുവിളിയുള്ള ആളാണെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുമായോ സംഘടനയുമായോ യുവാവിന് ബന്ധമില്ലന്നും നാട്ടുകാർ പറഞ്ഞു.
ഏറെക്കാലമായി സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന സ്വഭാവം അഷറഫിനില്ല. പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചതിനു തുടർന്ന് സഹോദരൻ ജബ്ബാർ മംഗളൂരുവിൽ എത്തിയാണ് അഷ്റഫിനെ തിരിച്ചറിയുന്നത്. ആന്തരിക രക്തസ്രാവവും ആവർത്തിച്ചുള്ള അടിയുടെ ആഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജനനേന്ദ്രിയത്തിലറടക്കം മുറിവുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. വയനാട്ടിൽ നിന്നും അഷറഫിൻ്റെ ഉപ്പ കുഞ്ഞീതുവും ഉമ്മ റുക്കിയയും സഹോദരങ്ങളും മറ്റു ബന്ധുക്കളും എത്തിയിരുന്നു.









0 comments