മംഗളൂരുവിൽ 
അക്രമങ്ങൾ തുടരുന്നു ;  4 ദിവസത്തിനിടെ 2 കൊലപാതകം

mangaluru bandh
avatar
അനീഷ് ബാലൻ

Published on May 03, 2025, 12:23 AM | 1 min read


മംഗളൂരു : നാല്‌ ദിവസത്തിനിടെ ഉണ്ടായ രണ്ട് കൊലപാതകങ്ങളെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന മംഗളൂരുവിൽ അക്രമങ്ങൾ തുടരുന്നു. രണ്ടുപേർക്ക്‌ വെട്ടേറ്റു. ജില്ലയിൽ അഞ്ചു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.


കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും ബജ്‌റംഗദളുകാരനുമായ സുഹാസ് ഷെട്ടിയെ ഒരു സംഘം വ്യാഴം രാത്രി വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്‌ച കുടുപ്പുവിൽ മാനസികാസ്വാസ്ഥ്യമുള്ള മലയാളി യുവാവ്‌ അഷ്‌റഫിനെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ മർദിച്ച്‌ കൊലപ്പെടുത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്‌. വ്യാഴം രാത്രി എട്ടരയോടെ ബജ്പേ കിന്നിപദവ്‌ ക്രോസിൽവച്ചാണ്‌ സുഹാസിനെ കൊലപ്പെടുത്തിയത്. സുഹാസ് ഷെട്ടി സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെ കാറിലും പിക് അപ്പ് വാനിലുമായി എത്തിയ സംഘം വണ്ടി തടഞ്ഞാണ്‌ കൊലപാതകം നടത്തിയത്. നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും സുഹാസിന്റെ മൃതദേഹം നൂറുകണക്കിന്‌ സംഘപരിവാർ പ്രവർത്തകർ വിലാപ യാത്രയായി സ്വദേശമായ കാരിഞ്ചയിലേക്ക്‌ കൊണ്ട്‌ പോയി.


വെള്ളിയാഴ്ച വിഎച്ച്‌പി പ്രഖ്യാപിച്ച ബന്ദിൽ ജില്ലയിൽ പലയിടങ്ങളിലായി അക്രമങ്ങൾ ഉണ്ടായി. കഡബ, ബജ്‌പെ, മുൽകി എന്നിവിടങ്ങളിൽ ബസ്സുകൾക്കുനേരെ കല്ലെറിഞ്ഞു. മംഗളൂരു കമീഷണറേറ്റ് പരിധിയിൽ ചൊവ്വ വൈകിട്ട് ആറു വരെയും ജില്ലയിൽ തിങ്കൾ വരെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 2022 ജൂലൈ 28 ന്‌ സുറത്കലിൽ സുഹാസും സംഘവും ചേർന്ന് ഇരുപത്തിമൂന്നുകാരനായ ഫാസിലിനെ വെട്ടി കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷമാണ് സുഹാസ് ഉൾപ്പടെ മൂന്ന് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയത്.




deshabhimani section

Related News

View More
0 comments
Sort by

Home