കവർച്ചയ്ക്കിടെ കാല് അറ്റുപോയി, യുവാവിനെ മാത്രം ആശുപത്രിയിലെത്തിച്ചു; കാല് കണ്ടെത്തിയത് മണിക്കുറുകൾ വൈകി

ഉജ്ജയിൻ: കവർച്ചയ്ക്കിടെ കാൽ നഷ്ടപ്പെട്ട തൊഴിലാളിയോട് റെയിൽവേ പൊലീസ് അനാസ്ഥ കാണിച്ചതായി ആരോപണം. ആക്രമണത്തിനിടെ അറ്റുപോയ കാലുപേക്ഷിച്ച്, രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസ് ഇയാളെ മാത്രം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൽദൂന ഗ്രാമത്തിലെ ലഖാനാണ് ആക്രമണത്തിനിരയായത്. മണിക്കൂറുകൾ വൈകിയാണ് ലഖാന്റെ കാല് കണ്ടെടുത്തത്. ഇതോടെ കാല് തുന്നിച്ചേർക്കാനുള്ള സാധ്യത പൂർണ്ണമായും ഇല്ലാതായി.
മധ്യപ്രദേശിലെ ഉജ്ജയിനിൽ റെയിൽവേ ട്രാക്കിൽ വെച്ച് നാല് പേർ ചേർന്ന് 500 രൂപ കവർന്ന ശേഷം തൊഴിലാളിയുടെ കാൽ ട്രാക്കിൽ വെച്ച് ട്രെയിൻ കയറ്റിയിറക്കുകയായിരുന്നു. ബോധരഹിതനായ തന്നെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും, അറ്റുപോയ കാല് ട്രാക്കിനരികിൽ ഉപേക്ഷിച്ചുപോയെന്നാണ് ലഖാൻ പറയുന്നത്.
'കാൽ കൊണ്ടുപോകാൻ താൻ പൊലീസുകാരോട് അപേക്ഷിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല. പിറ്റേന്ന് രാവിലെ മറ്റൊരു സംഘം പൊലീസുകാരോട് പറഞ്ഞതിന് ശേഷമാണ് കാൽ ട്രാക്കിനരികിൽ നിന്ന് കണ്ടെടുത്തത്. എന്നാൽ അപ്പോഴേക്കും 12 മണിക്കൂറിലധികം വൈകിയിരുന്നു. ഇതോടെ കാൽ തുന്നിച്ചേർക്കാനുള്ള സാധ്യത പൂർണ്ണമായും ഇല്ലാതായി.' ലഖാൻ പറഞ്ഞു.
“സ്റ്റേഷന് സമീപം തൊഴിലാളിയായി ജോലി ചെയ്യുന്ന ഞാൻ രാത്രി 8 മണിയോടെ ഭക്ഷണം വാങ്ങി തിരികെ വരികയായിരുന്നു. നാല് പേർ എന്നെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും 500 രൂപ കവരുകയും ചെയ്തു. അതിനുശേഷം അവർ എന്റെ കാൽ റെയിൽവേ ട്രാക്കിൽ വെച്ചു. കണ്ണുതുറന്നപ്പോൾ ഒരു കാൽ അറ്റുപോയിരുന്നു, മറ്റേ കാലിൽ രക്തസ്രാവമുണ്ടായിരുന്നു. ഞാൻ ഉറക്കെ നിലവിളിച്ചെങ്കിലും ആരും വന്നില്ല. രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് വന്നത്. അവർ എന്നെ ആംബുലൻസിൽ കയറ്റി. എന്റെ കാൽ കൂടി കൊണ്ടുപോകണമെന്ന് ഞാൻ അവരോട് അപേക്ഷിച്ചു, പക്ഷേ അവർ കേട്ടില്ല,” ആശുപത്രി കിടക്കയിൽ കിടന്ന് ലഖാൻ ഭീകരമായ അനുഭവം ഓർത്തെടുത്തു.









0 comments