കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ വെടിയറ്റ് യുവാവ് മരിച്ചു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

മുംബൈ : കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ സുഹൃത്തുക്കളുടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാൽഘറിൽ ജനുവരി 28നായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഒപ്പമുള്ളവര്‍ കാട്ടിൽ ഒളിപ്പിച്ചു. ഇത് കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
മാനറിലെ ബോർഷെട്ടി വനമേഖലയിലേക്ക് ഒരു സംഘം ഗ്രാമീണർ കാട്ടുപന്നി വേട്ടയ്ക്കായി പോയത്. കാട്ടിൽ വച്ച് ഇവർ പല സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ അനക്കം കണ്ട് കാട്ടുപന്നിയാണെന്ന് തെറ്റിദ്ധരിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. വെടിയേറ്റ യുവാവ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് മറ്റുള്ളവർ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച ശേഷം തിരികെ വരികയായിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് അന്വേഷിച്ചപ്പോഴാണ് കുറ്റകൃത്യം വെളിവായത്. കാട്ടിൽ നിന്നും ജീർണിച്ച മൃതദേഹവും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റയാളും മരിച്ചുവെന്നും ഗ്രാമവാസികൾ അധികൃതരെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചുവെന്നും വിവരമുണ്ട്.









0 comments