സ്ത്രീകളുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഓൺലൈനിൽ പ്രചരിപ്പിച്ചു; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ സ്ത്രീകളുടെ സമ്മതമില്ലാതെ അവരുടെ വീഡിയോകളും ഫോട്ടോകളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ബംഗളൂരു കെആർ പുരം സ്വദേശിയായ ഗുർദീപ് സിംഗ് (26) ആണ് പിടിയിലായത്. വിഷയത്തിൽ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് ബിരുദധാരിയാണ് ഗുർദീപ്.
ബംഗളൂരുവിലെ പ്രശസ്തമായ വാണിജ്യ, കാൽനട മേഖലയായ ചർച്ച് സ്ട്രീറ്റിൽ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നഗരത്തിലൂടെ നടക്കുമ്പോൾ തന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്ന് ആരോപിച്ച് ഒരു സ്ത്രീ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചതോടെയാണ് സംഭവം വെളിച്ചത്തുവന്നത്. ഇൻസ്റ്റാഗ്രാമിന്റെ ബിൽറ്റ്-ഇൻ മെക്കാനിസങ്ങൾ വഴി റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നത് ഉൾപ്പെടെ വീഡിയോ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായും സ്ത്രീ പറഞ്ഞു.
ചർച്ച് സ്ട്രീറ്റിലെ പ്രശ്നങ്ങൾ പകർത്തുകയാണ് എന്ന വ്യാജേന ഗുർദീപ് സ്ത്രീകളെ പിന്തുടരുകയും അവരുടെ സമ്മതമില്ലാതെ വീഡിയോകൾ ചിത്രീകരിച്ചു എന്നാണ് പരാതി. പലരുടേയും വീഡിയോ ദൃശ്യങ്ങളിൽ പകർത്തിയിട്ടുണ്ട്. അത് അവർ അറിഞ്ഞിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട് - സ്ത്രീ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഓൺലൈനിൽ അപരിചിതരിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ ലഭിച്ചതായും അവർ ആരോപിച്ചു.
പ്ലാറ്റ്‌ഫോമിന്റെ ആന്തരിക നയങ്ങൾ കാരണം ഇൻസ്റ്റാഗ്രാം അക്കൗണ്ട് പിൻവലിക്കാനുള്ള നടപടികൾ സങ്കീർണ്ണമാണെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയോട് അക്കൗണ്ട് പിൻവലിക്കാൻ ആവശ്യപ്പെടുന്നതിനായുള്ള ജുഡീഷ്യൽ ഇടപെടൽ തേടാൻ പൊലീസ് തയ്യാറെടുക്കുകയാണ്.
ബംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും അനാവശ്യമായി അപ്‌ലോഡ് ചെയ്തതിന് മറ്റൊരു സോഷ്യൽ മീഡിയ അക്കൗണ്ടുമായി ബന്ധപ്പെട്ട് സമാനമായ കേസ് പുറത്തുവന്നിരുന്നു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ അറസ്റ്റ്. ആ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ഹാസൻ ജില്ലയിൽ നിന്നുള്ള ദിഗന്ത് (27) ജൂണിലാണ് അറസ്റ്റിലായത്. ഇയാളുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പരാതിക്കും അന്വേഷണത്തിനും ശേഷം നീക്കം ചെയ്തിരുന്നു.









0 comments