പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നാരോപിച്ച് യുവതിയെ ഭർത്താവ് സ്ക്രൂഡ്രൈവര്‍ കൊണ്ട് ആക്രമിച്ചു

ഡെഹ്റാഡൂൺ: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് യുവതിക്ക് ക്രൂര ആക്രമണം. യുവതിയെ ഭര്‍ത്താവ് ചുറ്റികകൊണ്ടും സ്ക്രൂഡ്രൈവര്‍കൊണ്ടും പരുക്കേല്‍പ്പിച്ചു. ഉത്തരാഖണ്ഡിലെ കാശിപൂർ സ്വദേശിനിയായ ഹർജീന്ദർ കൗറിന്റെ തലയ്ക്കും ചെവിക്കും പരിക്കേറ്റു. ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ക്രൂര ആക്രമണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറംലോകം അറിയുന്നത്.
2022 നവംബറിലാണ് യുവതി വിവാഹിതയായത്. ഇതിനു പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിൻ്റെ കുടുംബം തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു എന്നും അടുത്തിടെ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ ആക്രമണം വീണ്ടും വര്‍ധിച്ചുവെന്നും യുവതി പറയുന്നു.
ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ദൃശ്യം കണ്ടിട്ടും തനിക്കെതിരായ ആക്രമണത്തില്‍ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് ആദ്യം തയ്യാറായില്ല എന്ന ആരോപണം പൊലീസിന് നേരെയും യുവതി ഉന്നയിച്ചിട്ടുണ്ട്.
വിവാഹമോചനം നേടിയാൽ ജീവനാംശം നൽകാതിരിക്കാൻ ഭർത്താവിൻ്റെ കുടുംബം തന്നെ കൊല്ലാൻ പദ്ധതിയിട്ടതായും യുവതി ആരോപിച്ചു. “രേഖകൾ നൽകാനെന്ന വ്യാജേന അവർ എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി, വാതിൽ പൂട്ടുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. എൻ്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് എന്നെ രക്ഷപ്പെടുത്തിയത്” യുവതി പറഞ്ഞു.
അതേസമയം മാർച്ച് 30ന്, നിരവധി കുറ്റങ്ങൾ ചുമത്തി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു, ഇത് പിന്നീട് മെഡിക്കൽ റിപ്പോർട്ടുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പുതുക്കുകയും ചെയ്തു. പ്രതി ഇപ്പോൾ പൊലീസ് റിമാൻഡിലാണെന്നാണ് സർക്കിൾ ഓഫീസർ ദീപക് സിംഗ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.









0 comments