മതപരിവർത്തനം ആരോപിച്ച് തീവ്രഹിന്ദുത്വവാദികളുടെ അതിക്രമം
ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ റിമാൻഡിൽ: പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ

റായ്പുർ: മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ കന്യാസ്‌ത്രീകൾക്കുനേരെ തീവ്രഹിന്ദുത്വവാദികളുടെ അതിക്രമം. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു. പ്രീത മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്കു നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ബംജ്രംഗദളിന്റെ നിർദേശപ്രകാരമാണ് കന്യാസ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യത്ത് സമാധാനപരമായി മതവിശ്വാസികൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് സിബിസിഐ വക്താവ് ഫാ. റോബിൻ പറഞ്ഞു.
"സമാനമായ നിരവധി സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോൺവെന്റിൽ ജോലിക്കായി എത്തുന്ന പെൺകുട്ടികളോടൊപ്പമോ, സന്യസിസമൂഹത്തിലേക്ക് ചേരാൻ ആഗ്രഹിച്ച് വരുന്ന പെൺകുട്ടികളോടൊപ്പമോ വരുന്ന കന്യാസ്ത്രീകളെ ആക്രമിക്കുനന്നത് പതിവായിരിക്കുകയാണ്. കന്യാസ്ത്രീകളെ ചില ദേശവിരുദ്ധ ഘടകങ്ങൾ പിന്തുടരുന്നു.
അവർ കന്യാസ്ത്രീകളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും, ആക്രമിക്കുകയും, വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇവർ ഉയർത്തുന്നത്. തുടർന്ന് പൊലീസിന്റെ പിടിയിലാക്കുകയും ചെയ്യുന്നു". മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള നടപടികളെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.
ദുർഗ് റെയിൽവെ സ്റ്റേഷനിൽവച്ച് ആഗ്ര ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്സിലെ കന്യാസ്‌ത്രീകളായ പ്രീത മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്കു നേരെയാണ് മുദ്രാവാക്യം വിളികളുമായെത്തിയ ബജ്രംഗദൾ പ്രവർത്തകർ ഭീഷണി മുഴക്കിയത്. തുടർന്ന് ബജ്രംഗദള്ളിന്റെ നിർദേശപ്രകാരം റെയിൽവെ പൊലീസ് കന്യാസ്‌ത്രീകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളിയാഴ്‌ച രാവിലെ ആഗ്രയ്ക്ക് പോകാൻ മൂന്നു പെൺകുട്ടികൾക്കും ഒരു യുവാവിനും ഒപ്പം എത്തിയതായിരുന്നു കന്യാസ്‌ത്രീകൾ. നാരായൺപുരിൽനിന്നുള്ള പെൺകുട്ടികൾ ആഗ്രയിൽ സഭ നടത്തുന്ന ആശുപത്രിയിൽ ജോലിക്കായി പോകുകയായിരുന്നു. രക്ഷിതാക്കളും ഒപ്പമുണ്ടായിരുന്നു. പെൺകുട്ടികളെ ടിക്കറ്റ് ചോദിച്ച് ടിടിഇ തടഞ്ഞു.
കന്യാസ്‌ത്രീകൾക്കൊപ്പമാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ ടിടിഇ പ്രദേശത്തെ ബജ്രംഗദൾ പ്രവർത്തകരെ വിവരമറിയിച്ചു. ക്രൈസ്‌തവർക്കുനേരെ അതിക്രമം വർധിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് മുംബൈ ആർച്ച് ബിഷപ്പ് എമിരറ്റസ് കർദിനാൾ ഓസ്‍വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.









0 comments