പാകിസ്ഥാനികളാണോ എന്ന് ചോദിച്ച് മലയാളി കായികതാരങ്ങളെ ഹിമാചലിൽ ആക്രമിച്ചു

എം അനിൽ
Published on Apr 27, 2025, 03:08 AM | 1 min read
കൊല്ലം: ഹിമാചൽപ്രദേശിലെ ധർമശാലയിൽ നാഷണൽ മാസ്റ്റേഴ്‌സ് ഗെയിംസിൽ പങ്കെടുത്ത് തിരികെവരികയായിരുന്ന സ്‌ത്രീകൾ ഉൾപ്പെടെയുള്ള മലയാളി കായികതാരങ്ങളെ പാകിസ്ഥാനികളാണോ എന്ന് ചോദിച്ച് സംഘപരിവാറുകാർ ആക്രമിച്ചു. കാറിൽ വടികൊണ്ട് അടിച്ച സംഘം ഡ്രൈവറെ ക്രൂരമായി മർദിച്ചു. ഹിമാചൽപ്രദേശ് കാങ്കര ജില്ലയിലെ നൂർപുരിൽ വ്യാഴം രാത്രി പതിനൊന്നിനാണ് സംഭവം.
കാറിൽ വരികയായിരുന്ന കേരള സർവകലാശാല ജീവനക്കാരായ വിനീത, ഭർത്താവ് അപ്പു, രണ്ടുകുട്ടികൾ, ഷീജ, വിദ്യ, ശരണ്യ, ഐഎസ്‌ആർഒ ജീവനക്കാരി അനുഷ, തിരുവനന്തപുരം ബാറ്റിൽഡോർ അംഗങ്ങളായ ശരത്, അരവിന്ദ് എന്നിവരാണ് ആക്രമണത്തിനിരയായത്.
സംഭവം പുറത്തറിഞ്ഞത് വിദ്യയുടെ ഭർത്താവും ഹാർബർ എൻജിനിയറിങ് വകുപ്പിൽ ജൂനിയർ സൂപ്രണ്ടുമായ കൊല്ലം മൺറോതുരുത്ത് ആശാലയത്തിൽ എൻ സാനുവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽനിന്നാണ്. പഹൽഗാം ഭീകരാക്രമണം നടന്ന ബുധനാഴ്‌ചയായിരുന്നു ഫൈനൽ.
ബാഡ്‌മിന്റൺ, റിലേ മത്സരങ്ങളിൽ സംഘാംഗങ്ങൾ വെള്ളി, വെങ്കല മെഡലുകൾ നേടിയിരുന്നു. ധർമശാലയിൽനിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ കാറിൽ വ്യാഴാഴ്‌ച പത്താംകോട്ട് വഴി അമൃത്‌സറിലേക്ക് വരികയായിരുന്നു. വരുംവഴി രാത്രി നൂർപുരിൽ ഒരുകൂട്ടം ആളുകൾ വാഹനങ്ങൾ തടഞ്ഞു. അതിനടുത്ത് കാർനിർത്തി ഡ്രൈവർ ചായകുടിക്കാൻ പോയി. ഈ സമയം ഒരാളെത്തി പാകിസ്ഥാനികളാണോ മുസ്ലിം ആണോ എന്നുചോദിച്ചു. കേരളത്തിൽനിന്നുള്ളവരാണ്, ടൂർണമെന്റിൽ പങ്കെടുത്ത് തിരികെ പോകുകയാണെന്ന് പറയുകയും ജേഴ്‌സി കാണിക്കുകയുംചെയ്‌തു.
അക്രമിസംഘം ഡ്രൈവറോട് തിരിച്ചറിയൽകാർഡും ഡ്രൈവിങ് ലൈസൻസും ആവശ്യപ്പെട്ടു. എന്നാൽ, ഡ്രൈവർ അവ നൽകാൻ കൂട്ടാക്കാത്തതിനെത്തുടർന്ന് ആൾക്കൂട്ടത്തെ വിളിച്ചുവരുത്തി. വന്നവർ തടിക്കഷണംകൊണ്ട് കാറിൽ അടിച്ചു. തുടർന്ന് ഡ്രൈവറെ കൂട്ടമായി മർദിച്ചു. ഇതോടെ അക്രമികൾ കടക്കാരനെയും ആക്രമിച്ചു. കടയിലെ ഫർണിച്ചർ അടിച്ചുതകർത്തു.
‘ജയ് ഭാരത് മാതാ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് വിനീതയുടെ ഭർത്താവും തിരുവനന്തപുരം റൂറൽ എസ്‌പി ഓഫീസിലെ പൊലീസ് ഓഫീസറുമായ അപ്പു പറഞ്ഞു. കാറിൽ വെള്ളി പുലർച്ചെ അമൃത്‌സറിൽ എത്തിയ സംഘം രാത്രിയോടെ ട്രെയിനിൽ ഡൽഹിയിലെത്തി. ഡൽഹിയിൽനിന്ന് വിമാനത്തിൽ തിങ്കളാഴ്‌ച തിരുവനന്തപുരത്ത് എത്തിച്ചേരും.









0 comments