അരുണാചലിൽ വൻ ലഹരി വേട്ട; 210 കിലോ കഞ്ചാവുമായി 3 പേർ അറസ്റ്റിൽ

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ വൻ ലഹരി വേട്ട. 210 കിലോ കഞ്ചാവുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് കമേങ് ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ജൂൺ 15നാണ് പൊലീസ് ലഹരി വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. സെപ്പ സ്വദേശിയായ പസ്സാങ് ദോക എന്നയാളെ അറസ്റ്റ് ചെയ്തതാണ് തുടക്കം. 5.01 കിലോഗ്രാം കഞ്ചാവ് അനധികൃതമായി കൈവശം വച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഈസ്റ്റ് കമെങ് പൊലീസ് സൂപ്രണ്ട് കാംദം സികോം പറഞ്ഞു. സെപ്പ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമീഷണറുടെയും സാന്നിധ്യത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്പ പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ചോദ്യം ചെയ്യലിൽ, പശ്ചിമ കമെങ് ജില്ലയിലെ കലക്താങ് പ്രദേശത്തെ താമസക്കാരനായ സെറിംഗ് ഫണ്ട്‌സോയിൽ നിന്നാണ് ലഹരി വസ്തുക്കൾ ലഭിച്ചതെന്ന് ദോക വെളിപ്പെടുത്തിയതായി എസ്പി പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിഎസ്പി മിബോം യിരാങ്ങിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ജൂൺ 18 ന് കലക്താങ്ങിലേക്ക് പുറപ്പെട്ടു. കലക്താങ്ങ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രംഗ്താങ്സോർപാം ഗ്രാമത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ സെറിംഗ് ഫണ്ട്‌സോയെ പിടികൂടിയത്. കഞ്ചാവ് അടങ്ങിയ ഒരു ബാഗ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. യെഷി വാങ്‌ഡി എന്നയാളെയും പൊലീസ് ഇയാൾക്കൊപ്പം പിടികൂടി. രംഗ്താങ്‌സോർപാമിലെ യെഷി വാങ്‌ഡിയുടെ വസതിയിൽ നടത്തിയ തുടർ പരിശോധനയിൽ കഞ്ചാവ് അടങ്ങിയ ഒമ്പത് ബാഗുകൾ കൂടി കണ്ടെടുത്തു. ആകെ 210 കിലോഗ്രാം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ലഹരിക്കടത്ത് സിൻഡിക്കേറ്റിലെ മറ്റ് അംഗങ്ങളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
major drug bust, Arunachal Pradesh, ganja seized, 3 arrested, ലഹരിക്കടത്ത്, അറസ്റ്റ്









0 comments