"മഹാരാഷ്‌ട്രയ്ക്ക് ഭാവിയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും" ഷിൻഡെയെ പരിഹസിച്ച് സഞ്ജയ് റാവത്ത്

photo credit: facebook
മുംബൈ: ശിവസേന തലവനും ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെയെ പരിഹസിച്ച് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്.
സംസ്ഥാനത്തിന് ഭാവിയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാവുന്ന തരത്തിലാണ് തിരശ്ശീലയ്ക്ക് പിന്നിലെ പ്രവർത്തനങ്ങളെന്ന് സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു."ഏകനാഥ് ഷിൻഡെയെ ആരും ഗൗരവമായി കാണേണ്ടതില്ല. അദ്ദേഹം ഒരു ഉപമുഖ്യമന്ത്രിയാണ്. അദ്ദേഹം ഇന്നലെ മുഖ്യമന്ത്രിയായിരുന്നു. മഹാരാഷ്ട്രയ്ക്ക് അതേ പാർടിയിൽ നിന്ന് മൂന്നാമത്തെ ഉപമുഖ്യമന്ത്രിയെ ലഭിക്കുന്നതിനാൽ നാളെ അദ്ദേഹം ഉണ്ടാകില്ലെന്ന് ഷിൻഡെ ചിന്തിക്കണം.
ഷിൻഡെ മഹാരാഷ്ട്രയുടെ "ശത്രുക്കളെ" സേവിക്കുകയാണെന്ന് സഖ്യകക്ഷിയായ ബിജെപിയെ പരാമർശിച്ച് സഞ്ജയ് റാവത്ത് പറഞ്ഞു. 20 എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ വ്യവസായ മന്ത്രി ഉദയ് സാമന്ത് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ പിളർത്താൻ കഴിയുമെന്ന് അവകാശപ്പെട്ടിരുന്നു. അത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് റാവത്തിന്റെ പരാമർശം. "ഷിൻഡെയുടെ പകരക്കാരനായാണ് സാമന്തിനെ വളർത്തിയെടുക്കുന്നത്" എന്നും അദ്ദേഹം പറഞ്ഞു. അതിന് ബിജെപിയുടെ ഉന്നതങ്ങളിൽ നിന്നുള്ള പിന്തുണയുമുണ്ട്. ഫഡ്‌നാവിസിന് ഷിൻഡെയെ ഇനി വേണ്ട. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഷിൻഡെയെ ആവശ്യമില്ലാതെ വരുമെന്ന് റാവത്ത് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ നടന്ന മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടിരുന്നു. ഈ സമയത്ത് സാമന്തിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാൻ സഖ്യകക്ഷി ബിജെപി പദ്ധതിയിട്ടിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ നിലവിൽ ഷിൻഡെയും എൻസിപി അധ്യക്ഷൻ അജിത് പവാറും ഉപമുഖ്യമന്ത്രിമാരാണ്.









0 comments