കുംഭമേളക്കിടയിലെ അപകടം: ‘ദൈവഹിത’മെന്ന്‌ വിഎച്ച്‌പി നേതാവ്‌

alok kumar vhp

അലോക് കുമാർ. ഫോട്ടോ: ഫെയ്സ്ബുക്ക്

വെബ് ഡെസ്ക്

Published on Feb 01, 2025, 03:04 PM | 1 min read

ലക്‌നൗ: മഹാകുംഭ മേളയിലെ തിക്കിലും തിരക്കിലും പെട്ട്‌ നിരവധി പേർ മരിച്ച സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി വിഎച്ച്‌പി നേതാവ്‌ അലോക്‌ കുമാർ. ഇത്തരം സംഭവങ്ങൾ ഹിന്ദു ഭക്തരിലുള്ള മനോവീര്യത്തെ തളർത്തില്ല എന്നും ഈ അപകടം അവർ ദൈവഹിതമായി സ്വീകരിക്കും എന്നുമായിരുന്നു വിഎച്ച്‌പി അന്താരാഷ്‌ട്ര പ്രസിഡന്റ്‌ അലോക്‌ കുമാറിന്റെ വാക്കുകൾ. ടൈംസ്‌ ഓഫ്‌ ഇന്ത്യയോട്‌ സംസാരിക്കവെയാണ്‌ അലോക്‌ കുമാറിന്റെ പ്രസ്‌താവന.


"ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഭക്തരുടെ മനോവീര്യം കെടുത്തിയിട്ടില്ലെന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്‌. ചില അപകടങ്ങൾ ദൈവഹിതമായി അവർ സ്വീകരിക്കുന്നു. ഇതൊന്നും അവർക്ക്‌ വിനോദസഞ്ചാരമോ മറ്റ്‌ സന്തോഷമോ അല്ലാത്തതിനാൽ അവർ യാത്ര തുടരുകയും ചെയ്യുന്നു. ഇത് മോക്ഷത്തിലേക്കുള്ള വഴിയാണ്‌.’ - അലോക്‌ കുമാർ പറഞ്ഞു.


കഴിഞ്ഞ ദിവസം കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട്‌ 30 പേർ മരിച്ചതായി യുപി സർക്കാർ സ്ഥിരീകരിച്ചിരുന്നു. ജനുവവരി 29ന്‌ പുലർച്ചെ ഒന്നിനും രണ്ടിനും മധ്യേ ഗംഗ– യമുന സംഗമസ്ഥാനത്ത്‌ സ്‌നാനം നടത്താൻ തീർഥാടകർ ശ്രമിക്കവെയാണ്‌ ദുരന്തമുണ്ടായത്‌. ഇതിന്‌ ശേഷവും കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട്‌ വീണ്ടും മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ആദിത്യനാഥ് സർക്കാർ മൗനം പാലിക്കുകയാണ്‌. സംഭവം നടന്ന്‌ മണിക്കൂറുകൾക്ക്‌ ശേഷമാണ്‌ സർക്കാർ മാധ്യമങ്ങളെ അറിയിച്ചത്‌.


വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരുന്നതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ പ്രതിപക്ഷപാർടികൾ ചൂണ്ടിക്കാട്ടി. വിവിഐപികൾക്ക്‌ മാത്രം പരിഗണന നൽകിയതും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒരുക്കാത്തതും മതിയായ സുരക്ഷാസജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതുമാണ്‌ വൻദുരന്തത്തിന്‌ കാരണമായത്‌.


കുംഭമേള തയ്യാറെടുപ്പുകൾക്കായി 7,500 കോടി രൂപ ചെലവിട്ടതായാണ്‌ സർക്കാർ അവകാശപ്പെട്ടത്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിയായി വിശേഷിപ്പിച്ച്‌ കേന്ദ്രസർക്കാരും യുപി സർക്കാരും വൻപരസ്യം നൽകി. കുംഭമേള നടത്തിപ്പിന്റെ പേരിൽ രാഷ്‌ട്രീയമുതലെടുപ്പിന്‌ ബിജെപി ശ്രമിച്ചുവരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home