കുംഭമേളക്കിടയിലെ അപകടം: മരണസംഖ്യ ഉയരുന്നു; പ്രതികരിക്കാതെ യോഗി സർക്കാർ

photo credit: X
ലഖ്‌നൗ: കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് വീണ്ടും മരണം. ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഘാട്ടിന് സമീപമുള്ള ജുസിയിലാണ് അപകടമുണ്ടായതെന്ന് കൽപ്പവാസി പൊലീസ് സ്റ്റേഷൻ സർക്കിൾ ഓഫീസർ രുദ്ര കുമാർ സിങ് പറഞ്ഞു.
സംഭവത്തിൽ ആദിത്യനാഥ് സർക്കാർ മൗനം പാലിക്കുകയാണ്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സർക്കാർ മാധ്യമങ്ങളെ അറിയിച്ചത്. സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കുംഭമേള നടത്തിപ്പിലെ സർക്കാരിന്റെ അനാസ്ഥ പ്രതിപക്ഷം ഉന്നയിക്കും.
കഴിഞ്ഞ ദിവസം കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചതായി യുപി സർക്കാർ സ്ഥിരീകരിച്ചിരുന്നു. അമാവാസി ദിവസം പുലർച്ചെ ഒന്നിനും രണ്ടിനും മധ്യേ ഗംഗ– യമുന സംഗമസ്ഥാനത്ത് സ്‌നാനം നടത്താൻ തീർഥാടകർ ശ്രമിക്കവെയാണ് ദുരന്തമുണ്ടായത്.
വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രതിപക്ഷപാർടികൾ ചൂണ്ടിക്കാട്ടി. വിവിഐപികൾക്ക് മാത്രം പരിഗണന നൽകിയതും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒരുക്കാത്തതും മതിയായ സുരക്ഷാസജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതുമാണ് വൻദുരന്തത്തിന് കാരണമായത്. കുംഭമേള തയ്യാറെടുപ്പുകൾക്കായി 7,500 കോടി രൂപ ചെലവിട്ടതായാണ് സർക്കാർ അവകാശപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിയായി വിശേഷിപ്പിച്ച് കേന്ദ്രസർക്കാരും യുപി സർക്കാരും വൻപരസ്യം നൽകി. കുംഭമേള നടത്തിപ്പിന്റെ പേരിൽ രാഷ്‌ട്രീയമുതലെടുപ്പിന് ബിജെപി ശ്രമിച്ചുവരികയായിരുന്നു.









0 comments