ചരിത്രം സംഘപരിവാർ വളച്ചൊടിക്കുന്നു : എം എ ബേബി

ചണ്ഡിഗഡ്
കൊളോണിയൽ ശക്തികളോട് വിട്ടുവീഴ്‌ച ചെയ്‌തവർ ഇപ്പോൾ ചരിത്രം വളച്ചൊടിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. സിപിഐ പാർടി കോൺഗ്രസിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിവധത്തിൽ പങ്കാളിയായ സവർക്കറാണ് തന്റെ ഗുരു എന്ന് റെഡ്‌ഫോർട്ടിൽനിന്ന് നാണമില്ലാതെ ഒരാൾ പറയുന്നു. മോദി സർക്കാരിന്റെ നവ ഫാസിസ്റ്റ് പ്രവണതകൾ കൂടുതൽ ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് മാവോയിസ്റ്റുകളെ ‘എൻകൗണ്ടർ’ എന്ന പേരിൽ കൊലപ്പെടുത്തുന്നത്. ആദിവാസികൾ, സ്‌ത്രീകൾ, ദളിത് തുടങ്ങി എല്ലാ വിഭാഗങ്ങളെയും അടിച്ചമർത്തുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ പോലും അവരുടെ കൈയിലെ ആയുധമായി.
ഇടതുപക്ഷ പാർടികളുടെ വർഗ–ബഹുജന സംഘടനകൾ കൂടുതൽ പോരാട്ടങ്ങൾ ഒരുമിച്ച് ഏറ്റെടുക്കണം. രാജ്യത്തെ നിർണായക ശക്തിയായി ഇടതുപക്ഷം മാറുമെന്ന് ഉറപ്പാണെന്നും ബേബി പറഞ്ഞു. കേരളം ഭരണത്തുടർച്ചയ്‌ക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോണൾഡ് ട്രംപ് ഇപ്പോൾ നമുക്ക് ഒരവസരം തന്നിരിക്കുകയാണ്. താരിഫ്, ടെററിസം, ട്രംപ് എന്ന ‘ട്രിപ്പിൾ ടി’ ആണ് അത്. ഇന്ത്യക്കുമേൽ തീരുവ അടിച്ചേൽപ്പിക്കുന്നതുൾപ്പെടെ സ്വേച്ഛാധിപത്യപരമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.









0 comments