7ാം ക്ലാസ് വിദ്യാർഥിനിയെ സുഹൃത്തുൾപ്പെടെയുള്ളവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

ലഖ്‌നൗ: ലഖ്നൗവിൽ 7ാം ക്ലാസ് വിദ്യാർഥിനിയെ സുഹൃത്തുൾപ്പെടെയുള്ളവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഹോട്ടൽ മുറിയിൽ പെൺകുട്ടിയെ രണ്ട് ദിവസത്തോളം തടങ്കലിലാക്കിയായിരുന്നു മുഖ്യപ്രതിയായ വിമല്‍ യാദവും കൂട്ടാളികളും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടി വിമല്‍ യാദവിനെ പരിചയപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിമല്‍ യാദവിന്‍റെ കൂട്ടാളികളായ പീയൂഷ് മിശ്ര, ശുഭം ശുക്ല എന്നിവരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ വിമല്‍ യാദവ് ഒളിവിലാണ്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ സുഹൃത്തുമായുള്ള യാത്രക്കിടെയാണ് സംഭവം. ഹോട്ടലിൽ വെച്ച് സുഹൃത്ത് മറ്റ് ചിലരെക്കൂടി മുറിയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ലൈംഗിക അതിക്രമത്തിന് ശേഷം, ഭയന്നുപോയ പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയും തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കുട്ടി ഇൻസ്റ്റാഗ്രാമിൽ വിമൽ യാദവ് എന്ന യുവാവുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ഇരുവരും ചാറ്റ് ചെയ്യുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. നവംബർ 2-ന് വിമൽ പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. നിശ്ചയിച്ച സ്ഥലത്ത് എത്തിയപ്പോൾ വിമലിനൊപ്പം പീയൂഷ് മിശ്ര, ശുഭം ശുക്ല എന്നീ രണ്ട് സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു.
സ്‌കോർപിയോ എസ്‍യുവി കാറിലാണ് ഇവർ എത്തിയിരുന്നത്. ചുറ്റിക്കറങ്ങാനായി കാറിൽ കയറാൻ വിമൽ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. കാറിൽ കയറിയ ഉടൻ ഇവർ ഐഐഎം. റോഡിലുള്ള ഒരു ഹോട്ടലിലേക്ക് പോകുകയും അവിടെ ഒരു മുറിയെടുത്ത് താമസിക്കുകയുമായിരുന്നു.
പ്രതികൾ പെൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങുകയും മുറിയിൽ പൂട്ടിയിട്ട് രണ്ട് ദിവസത്തോളം ഊഴമിട്ട് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ലൈംഗികാതിക്രമത്തെ ചെറുത്തപ്പോൾ പ്രതികൾ പെൺകുട്ടിയെ മർദ്ദിച്ചതായും ഭീഷണിപ്പെടുത്തിയതായും അമ്മയുടെ പരാതിയിൽ പറയുന്നു. ആക്രമണത്തിന്റെ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി അമ്മയെ അറിയിച്ചു. രണ്ട് ദിവസത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വീടിനടുത്ത് ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. പോക്സോ നിയമപ്രകാരവും കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. സൈബർ സൗഹൃദങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









0 comments