പെട്രോളിനും 
ഡീസലിനും തീരുവ വർധിപ്പിച്ചത്‌ 
രണ്ടുരൂപ

വീണ്ടും മോദിയുടെ പകൽക്കൊള്ള ; പാചകവാതകത്തിന് 50 രൂപ കൂട്ടി

lpg price hike
വെബ് ഡെസ്ക്

Published on Apr 08, 2025, 02:47 AM | 2 min read


കൊച്ചി : ഇന്ധനതീരുവ വർധിപ്പിച്ചും പാചകവാതകവില കുത്തനെകൂട്ടിയും കേന്ദ്ര സർക്കാരിന്റെ ക്രൂരമായ പകൽക്കൊള്ള. പ്രധാനമന്ത്രി ഉജ്വൽ യോജനയിൽ ദാരിദ്ര്യരേഖയ്‌ക്ക്‌ കീഴിലുള്ള ജനങ്ങൾക്ക്‌ നൽകുന്ന സിലിണ്ടറിനടക്കം 50 രൂപയാണ്‌ ഒറ്റയടിക്ക്‌ കൂട്ടിയത്‌. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ (ക്രൂഡ്‌ ഓയിൽ) വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്റെ ഗുണഫലം ജനങ്ങൾക്ക്‌ നൽകാതെയാണ്‌ പെട്രോളിനും ഡീസലിനും രണ്ടുരൂപ തീരുവ വർധിപ്പിച്ചത്‌. വർധിപ്പിച്ച തീരുവ എണ്ണകമ്പനികൾ നൽകണം. ഫലത്തിൽ വില കുറയേണ്ടതിന്‌ പകരം പഴയ വില തന്നെ ജനങ്ങൾ നൽകേണ്ടി വരും.


അമേരിക്കൻ പ്രസി‍ഡന്റ് ട്രംപിന്റെ പകരച്ചുങ്കം ലോകത്തെ മറ്റൊരു ആ​ഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന വിലയിരുത്തലും ഉൽപ്പാദനം വർധിപ്പിക്കാനുള്ള എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ (ഒപെക്) തീരുമാനവുമാണ് എണ്ണവില ഇടിയാൻ കാരണം. ആറുദിവസം കൊണ്ടുമാത്രം 11.49 ഡോളറാണ് (ഏകദേശം 1000 രൂപ) കുറഞ്ഞത്. ഈ മാസമാദ്യം വീപ്പയ്‌ക്ക്‌ 74.49 ഡോളറായിരുന്നത് (ഏകദേശം 6414 രൂപ) തിങ്കൾ 63 ഡോളർ (ഏകദേശം 5406 രൂപ) നിലവാരത്തിലേക്ക് താഴ്‌ന്നു.


ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ 2024 മാർച്ച് 14നാണ് രാജ്യത്ത് ഒടുവിൽ ഇന്ധനവില നിശ്‌ചയിച്ചത്. അന്ന് പെട്രോൾ 109.73 ഉം ഡീസലിന് 98.53 രൂപയുമായിരുന്നു. അന്താരാഷ്ട്ര എണ്ണവില 85.43 ഡോളറും. അതുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണവില ബാരലിന്‌ (60 ലിറ്റർ) 22 ഡോളറിലധികമാണ്‌(1890.218 രൂപ) കുറഞ്ഞത്‌. ഈ വിലയിൽ കണക്കുകൂട്ടിയാൽ സംസ്‌കരണ ചിലവ്‌ അടക്കം കഴിഞ്ഞ്‌ ലിറ്ററിന്‌ ചുരുങ്ങിയത്‌ 18 രൂപ കുറച്ച്‌ ജനങ്ങൾക്ക്‌ ഇന്ധനം നൽകാനാകുമെന്ന്‌ ഈ രംഗത്തെ വിദഗ്‌ധർ പറയുന്നു. എന്നാൽ ജനങ്ങൾക്ക്‌ വിലകുറച്ച്‌ നൽകുന്നതിന്‌ പകരം എണ്ണകമ്പനികൾക്ക്‌ കൊള്ളയടിക്കാൻ അവസരം ഉണ്ടാക്കുന്നതിനു പുറമെ തീരുവ വർധിപ്പിച്ച്‌ ജനങ്ങളെ പിഴിയാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌.


റഷ്യ, ഉക്രയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യയിൽനിന്ന് ഡിസ്‌കൗണ്ട് നിരക്കിൽ വൻതോതിൽ അസംസ്‌കൃത എണ്ണ ഇന്ത്യയിലേക്ക് എത്തിയപ്പോഴും കേന്ദ്രം ഇന്ധനവില കുറച്ചില്ല. പകരം രാജ്യത്തെ എണ്ണക്കമ്പനികൾക്ക് വൻ നേട്ടമുണ്ടാക്കാൻ വഴിയൊരുക്കി. കഴിഞ്ഞ നവംബറിൽ പമ്പുടമകളുടെ കമീഷൻ ഉയർത്തിയും ഇന്ധനവില വർധിപ്പിച്ചു. പാചകവാതകത്തിന്റെ വില ഇനി മുതൽ മാസത്തിൽ രണ്ടു തവണ വില അവലോകനം ചെയ്യുമെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ്‌ പുരി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ വില തിങ്കളാഴ്‌ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു.



deshabhimani section

Related News

View More
0 comments
Sort by

Home