വിചാരണത്തടവുകാരെ ജയിലിൽ പാർപ്പിക്കരുത്: പാർലമെന്ററി സമിതി


സ്വന്തം ലേഖകൻ
Published on Mar 16, 2025, 11:13 AM | 1 min read
ന്യൂഡൽഹി: വിചാരണത്തടവുകാരെ ജയിലിൽ പാർപ്പിക്കരുതെന്നും ഇവർക്കായി പ്രത്യേകകേന്ദ്രങ്ങൾ ഉണ്ടാക്കണമെന്നും പാർലമെന്ററി സമിതി. ജയിലുകളിൽ 75 ശതമാനവും വിചാരണത്തടവുകാരാണ്. ഇവരെ സാധാരണ ജയിൽ മുറികളിലാണ് ഇപ്പോൾ പാർപ്പിക്കുന്നത്.
കുറ്റവാളികളുമായുള്ള സഹവാസം വിചാരണത്തടവുകാരെയും കുറ്റവാളികളാക്കാൻ സാധ്യതയുണ്ട്. അവരെ മാറ്റി പാർപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങളുണ്ടാക്കണം. ഈ കേന്ദ്രങ്ങളെ ജയിലുകൾ എന്ന് വിളിക്കരുത്. തിരുത്തൽ കേന്ദ്രമെന്നോ താൽക്കാലിക തടവ് കേന്ദ്രമെന്നോ വിളിക്കാം. അതത് സംസ്ഥാനങ്ങൾക്കാണ് ഇത്തരം മാറ്റം വരുത്തേണ്ട ഉത്തരവാദിത്വം– ആഭ്യന്തര മന്ത്രാലയത്തിന്റെ പാർമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞു.
വിചാരണത്തടവുകാർ വലിയ വെല്ലുവിളികൾ നേരിടുന്നു. വിചാരണ കാത്ത് വർഷങ്ങളോളം ജയിലുകളിൽ ജീവിതം ഹോമിക്കുന്നവരുണ്ട്. വിചാരണയ്‌ക്ക് ശേഷം ജയിൽ മോചിതരായാലും പൊതുസമൂഹം ഒറ്റപ്പെടുത്തുന്നു. കുറ്റവാളികളുമായുള്ള ദീർഘകാല സഹവാസം മൂലം കൊടുംകുറ്റവാളികളായി പരിണമിക്കുന്നവരുമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.









0 comments