ഇത് അവർക്കുള്ള പാഠം: ഇൻഡോറിൽ ഓസീസ് താരങ്ങൾ ആക്രമിക്കപ്പെട്ടതിൽ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

ന്യൂഡൽഹി : മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ വിവാദ പരാമർശവുമായി ബിജെപി മന്ത്രി. മധ്യപ്രദേശ് കാബിനറ്റ് മന്ത്രിയായ കൈലാഷ് വിജയവർഗിയയാണ് വിവാദപരാമർശം നടത്തിയത്. സംഭവത്തിൽ നിന്ന് ക്രിക്കറ്റ് താരങ്ങൾ പാഠം പഠിക്കണമെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പുറത്തുപോകുമ്പോൾ എപ്പോഴും പ്രദേശവാസികളായ ആരെയെങ്കിലും കൂടെ കൂട്ടണമെന്നും മന്ത്രി പറഞ്ഞു.
"ക്രിക്കറ്റ് കളിക്കാർ ഇന്ത്യയിൽ വളരെ ജനപ്രിയരായതിനാൽ, പുറത്തിറങ്ങുമ്പോൾ പ്രാദേശിക അധികാരികളെ അറിയിക്കണം. ജനക്കൂട്ടം കാരണം ഫുട്ബോൾ കളിക്കാരുടെ വസ്ത്രങ്ങൾ വലിച്ചു കീറുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കളിക്കാർ അവരുടെ ജനപ്രീതിയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഈ സംഭവം എല്ലാവർക്കും ഒരു പാഠമാണ്, നമുക്കും കളിക്കാർക്കും. പുറത്തിറങ്ങുമ്പോൾ സംഘാടകരെ വിവരമറിയിക്കണം. എപ്പോഴും പ്രദേശവാസിയായ ആരെയെങ്കിലും കൂടെ കൂട്ടണം " വിജയവർഗിയ പറഞ്ഞു.
ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെങ്കിലും അത് മറച്ചുവച്ച് ക്രിക്കറ്റ് താരങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നു മന്ത്രി. "സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്, എങ്കിലും, പുറത്തുപോകുന്നതിന് മുമ്പ് പ്രാദേശിക അധികാരികളെ അറിയിക്കേണ്ടത് കളിക്കാരുടെ ഉത്തരവാദിത്തമാണ്. എന്നാൽ അവർ ഈ സംഭവത്തിൽ നിന്ന് ഒരു പാഠം പഠിക്കുകയും ഭാവിയിൽ ജാഗ്രത പാലിക്കുകയും ചെയ്യു" മെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഗ്രൂപ്പ്‌മത്സരത്തിൽ പങ്കെടുക്കാൻ ഇൻഡോറിൽ എത്തിയ വനിതാതാരങ്ങൾക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്‌ച പകൽ 11ഓടെ ടീം താമസിച്ച ഹോട്ടലിൽനിന്നു പുറത്തേക്കിറങ്ങിയ താരങ്ങളെ ബൈക്കിലെത്തിയ അക്രമി കടന്നുപിടിക്കുകയായിരുന്നു. താരങ്ങൾ ടീം സെക്യൂരിറ്റി മാനേജർ ഡാനി സൈമൺസിനെ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഖർജാനാ സ്വദേശി അക്വീൽ ഖാനെ പൊലീസ് പിടികൂടി.
ശനിയാഴ്ച മത്സരശേഷം വാർത്താസമ്മേളനത്തിൽ ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുത്തില്ല. അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കേണ്ട സുരക്ഷാസജ്ജീകരണങ്ങൾ ഇൻഡോറിൽ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ക്രമസമാധാന നിലയുടെ സത്യാവസ്ഥയിലേക്ക് വെളിച്ചംവീശുന്നതാണ് വനിതാ ക്രിക്കറ്റ്‌താരങ്ങൾക്കെതിരായ അതിക്രമം.









0 comments