ജൂലൈ ഒമ്പതിന്റെ പണിമുടക്കിന്‌ ഇടതുപക്ഷ പാർടികളുടെ പിന്തുണ

left parties
വെബ് ഡെസ്ക്

Published on Jun 24, 2025, 03:24 PM | 1 min read

ന്യൂഡൽഹി: കോർപറേറ്റ്‌ അനുകൂല പരിഷ്‌കാരങ്ങളുടെ ഭാഗമായി തൊഴിൽ കോഡുകൾ നടപ്പാക്കുന്നതിനും തൊഴിലാളികളുടെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നതിനും എതിരായി 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും പൊതുവേദിയുടെ ആഹ്വാനപ്രകാരം ജൂലൈ ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിന്‌ അഞ്ച്‌ ഇടതുപക്ഷ പാർടികൾ സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു.


മൂന്നാം വട്ടവും രാജ്യത്ത്‌ അധികാരത്തിൽ വന്ന ബിജെപി സർക്കാർ നവഉദാരഅജണ്ടയുടെ ഭാഗമായി തൊഴിൽ കോഡുകളുമായി മുന്നോട്ടുപോവുകയാണ്‌. തന്ത്രപ്രധാനമായ പ്രതിരോധ– വാർത്താവിനിമയ മേഖലകളിൽ ഉൾപ്പടെ ദേശീയ വിഭവങ്ങളുടെ സ്വകാര്യവൽക്കരണം ദ്രുതഗതിയിൽ നടപ്പാക്കുന്നു. ഇത്തരം നയങ്ങൾക്കെതിരായ പ്രതിഷേധത്തെ അടിച്ചമർത്താനും ശ്രമിക്കുന്നു.


കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സാമാന്യജനങ്ങളുടെയും ആവശ്യങ്ങളും പ്രതിഫലിക്കുന്ന ആവശ്യങ്ങൾ ഉയർത്തിയാണ്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. സംയുക്ത കിസാൻ മോർച്ചയും കർഷകത്തൊഴിലാളികളുടെ സംഘടനകളും പണിമുടക്കിന്‌ പിന്തുണ നൽകുന്നുണ്ട്‌. ഭിന്നിപ്പിക്കാനും വിദ്വേഷം പടർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാനും പണിമുടക്ക്‌ സഹായിക്കും.


പണിമുടക്കിന്‌ പിന്തുണ നൽകാനും ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാനും ജനറൽ സെക്രട്ടറിമാരായ എം എ ബേബി (സിപിഐ എം), ഡി രാജ (സിപിഐ), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ എംഎൽ– ലിബറേഷൻ), മനോജ്‌ ഭട്ടാചാര്യ ( ആർഎസ്‌പി), ദേവരാജൻ (ഫോർവേഡ്‌ ബ്ലോക്ക്‌) എന്നിവർ ആഹ്വാനം ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Home