ഇസ്രയേൽ - യുഎസ് അനുകൂല നിലപാടിൽ നിന്നും കേന്ദ്രം പിന്തിരിയണം; സമാധാന ശ്രമങ്ങളിൽ പങ്കാളികളാകണം: സംയുക്ത ഇടത് പാർടികൾ

israel iran strike
വെബ് ഡെസ്ക്

Published on Jun 22, 2025, 08:06 PM | 2 min read

ന്യൂഡൽ​ഹി: ഇറാനിലെ യുഎസ് ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് ഇടതുപക്ഷ പാർട്ടികൾ. സിപിഐ എം, സിപിഐ , സിപിഐ എംഎൽ, സിപിഐ എം ലിബറേഷൻ, ആർസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ ഇടത് പാർട്ടികളാണ് അമേരിക്കയുടെ ഇറാൻ അധിനിവേശത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചത്. അ‍ഞ്ച് ഇടത് പാർട്ടികൾ ഒപ്പുവെച്ച പ്രസ്താവനയിലാണ് വിമർശനം.സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ബട്ടാചാര്യ,ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.


ഇറാന്റെ പരമാധികാരത്തെ നിഷേധിക്കുകയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങൾക്കെതിരായതുമായ നടപടികളാണിത്. അന്താരാഷ്ട്ര തലത്തിൽ പ്രശ്നങ്ങൾ ആളിക്കത്തുന്നതിനും പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്താനും സാമ്പത്തികമായ സങ്കീർണതകളുണ്ടാക്കുകയുമാണ് ഇത് ചെയ്യുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.


ഇറാൻ അണുവായുധം നിർമിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ഇസ്രയേലും തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കുകയാണ്. എന്ത് തന്നെയായാലും, ഐഎഇഎ ഡയറക്ടർ ജനറൽ റഫേൽ ജോസി ജൂൺ 19 ന് പറഞ്ഞതിങ്ങനെ: അണുവായുധമുണ്ടാക്കുന്നതിനായി കാര്യക്ഷമമായ ഒരു പരിശ്രമവും ഇറാൻ നടത്തുന്നതിന്റെ തെളിവ് ലഭിച്ചിട്ടില്ല. ഇറാൻ ആണവായുധം ഉണ്ടാക്കുന്നു എന്ന് തെളിയിക്കുന്ന കൃത്യമായ ഒരു വിവരവും ലഭ്യമായിട്ടില്ലെന്ന് യുഎസ് ഇന്റലിജൻസ് തന്നെ പറയുന്നു. അത് മാത്രമല്ല, ആണവ നിർവ്യാപന കരാറിൽ ഒപ്പുവെച്ച ഒരു രാജ്യം കൂടിയാണ് ഇറാൻ.


ഈ വസ്തുതകൾ നിലനിൽക്കെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ഏതെങ്കിലും വിധമുള്ള ​ഗൗരവതരമായ ചർച്ചകൾ അട്ടിമറിക്കുന്നതിനായി ‌ജൂൺ 12 ന് ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയത്. ചർച്ചകൾക്കായി ട്രംപ് തന്നെ രണ്ടാഴ്ച സമയം നൽകിയിതിനിടെയാണ് യുഎസും കഴിഞ്ഞ ദിവസം ആക്രമണത്തിൽ പങ്കാളിയായത്. ഇറാനിലും അതുവഴി പശ്ചിമേഷ്യയെ പൂർണമായി യുദ്ധത്തിൽ മുക്കുക എന്ന ലക്ഷ്യം മാത്രമാണ് അമേരിക്കക്കുള്ളത് എന്ന് ബോധ്യമാകുകയാണ്.


സ്വന്തം ഇന്റലിജൻസ് ഏജൻസികളെയും നയതന്ത്ര പരിശ്രമങ്ങളെയും വകവയ്ക്കാതെയുള്ള യുഎസ്- ഇസ്രയേൽ അച്ചുതണ്ടിന്റെ നീക്കങ്ങൾ ഇതാണ് കൃത്യമായി വ്യക്തമാക്കുന്നത്. ഇറാനെ തകർക്കുക വഴി പശ്ചിമേഷ്യയിൽ സാമ്രാജ്യത്വ അധീശത്വം സ്ഥാപിച്ച് ആ​ഗോള തലത്തിൽ വിഭവങ്ങളു‌ടെ ഒഴുക്ക് നിയന്ത്രിക്കുകയാണ് ലക്ഷ്യം. പ്രതിരോധ രം​ഗത്തെ വ്യാപാരം വർധിപ്പിക്കുക വഴി അന്താരാഷ്ട്ര മൂലധനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറുക എന്നിവയാണ് യുദ്ധം വ്യാപിപ്പിക്കുന്നത് കൊണ്ട് യുഎസ് ഇസ്രയേൽ അച്ചുതണ്ടുകൾ ലക്ഷ്യമാക്കുന്നത്.

അമേരിക്ക മാത്രമാണ് ലോകത്തിതുവരെ അണുവായുധം പ്രയോ​ഗിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്ത് ജപ്പാൻ ചർച്ചകൾ നടത്താമെന്ന് യുഎസിനോട് പറഞ്ഞപ്പോഴും അത് കേൾക്കാതെ അണുവായുധം പ്രയോ​ഗിക്കുകയായിരുന്നു. ഇവരാണ് ആണവായുധത്തിന്റെ അപകടത്തെ കുറിച്ച് സംസാരിക്കുന്നത്- പ്രസ്താവന വിമർശിച്ചു


അമേരിക്കൻ ആക്രമണം, എല്ലാ അർഥത്തിലും സംഘർഷം വലിയ തോതിൽ വ്യാപിക്കുന്നതിന് മാത്രമെ കാരണമായിട്ടുള്ളു. ലോക സമാധാനത്തിനും സാധാരണ മനുഷ്യരുടെ ജീവിതത്തിനും മേൽ വലിയ പ്രതിസന്ധിയുണ്ടാവുകയും, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളെ എണ്ണ ഇറക്കുമതിക്കും തൊഴിൽ ആവശ്യങ്ങൾക്കുമായി സമീപിക്കേണ്ട സ്ഥിതിയുള്ളതിനാൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കപ്പെടുകയും ചെയ്യും. നിലവിലെ അവസ്ഥയിൽ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളിവർ​ഗത്തെ വലിയ തകർച്ചയിലേക്കാണ് യുദ്ധം മൂലമുള്ള സാമ്പത്തിക തകർച്ച കൊണ്ടുചെനന്നെത്തിക്കുക.


ഇസ്രയേൽ - യുഎസ് അനുകൂല നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ ഉടൻ പിന്തിരിയണം. അത്തരം നിലപാട് ഒഴിവാക്കി യുദ്ധം ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തിൽ പങ്കാളിയാകണം. എല്ലാ യൂണിറ്റുകളിലും സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിഷേ‌ധം സംഘടിപ്പിക്കുകയും യുഎസ് അക്രമത്തെ അപലപിക്കാൻ സമാധാന കാംഷികളായ മുഴുവൻ പേരും ഇടതുപക്ഷത്തോടൊപ്പം രം​ഗത്തിറങ്ങണമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Home