ഒപ്പമുണ്ട് ഇടതുപക്ഷ എംപിമാർ
‘നീതി ലഭിക്കുന്നത് വരെ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും’

ഛത്തീസ്ഗഡ് ദുർഗിലെ സെന്റ് വിൻസെന്റ് ഡി പോൾ കാത്തലിക് ചർച്ചിൽ എത്തിയ ഇടതുപക്ഷ എംപിമാരായ ജോസ് കെ മാണി, ജോൺ ബ്രിട്ടാസ് എന്നിവർ കന്യാസ്‌ത്രീകളുമായി സംസാരിക്കുന്നു / ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി
കന്യാസ്‌ത്രീകളെ ജയിലിലടച്ചതിനെ തുടർന്ന് ആശങ്കയിലായ ഛത്തീസ്‌ഗഡിലെ ക്രൈസ്‌തവ സമൂഹത്തിന് ഐക്യദാർഢ്യവും പിന്തുണയുമേകി ഇടതുപക്ഷ എംപിമാർ. ജോൺബ്രിട്ടാസ്, പി സന്തോഷ്‌കുമാർ, ജോസ് കെ മാണി എന്നിവരാണ് ദുർഗിലെത്തി പുരോഹിതരെയും കന്യാസ്‌ത്രീകളെയും കണ്ടത്. രണ്ടാംതവണയാണ് ഇടതുപക്ഷ എംപിമാർ ദുർഗിലെത്തുന്നത്.
സെന്റ് വിൻസെന്റ് ഡീ പോൾ കാത്തലിക്ക് ചർച്ചിന്റെ അടുത്തുള്ള വിശ്വദീപം ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയ എംപിമാർ സിസ്‌റ്റർ മെറിൻ, സിസ്‌റ്റർ ക്രിസ്‌റ്റി, ഫാ. ബെന്നി എന്നിവരുമായി ചർച്ച നടത്തി.
‘നീതി ലഭിക്കുന്നത് വരെ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും’– ബ്രിട്ടാസ് ഉറപ്പുനൽകി.
കന്യാസ്‌ത്രീകൾക്ക് ജാമ്യം കിട്ടി അവർക്ക് എതിരായ കേസ് റദ്ദാക്കുന്നത് വരെ ഈ പ്രതിരോധവും പോരാട്ടവും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടം ക്രൈസ്‌തവർക്കും കന്യാസ്‌ത്രീകൾക്കും മാത്രം നീതി ഉറപ്പാക്കാനുള്ളതല്ല. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അടിസ്ഥാന അവകാശങ്ങളും മൂല്യങ്ങളും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്‌ത്രീകളുടെ അറസ്‌റ്റ് ഒറ്റപ്പെട്ട സംഭവമല്ല;രാജ്യവ്യാപകമായി നടക്കുന്ന വേട്ടയാടലുകളുടെ ഭാഗമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ ശക്തമായ പോരാട്ടം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളവും രാജ്യവും ഒറ്റക്കെട്ടായി കന്യാസ്‌ത്രീകൾക്ക് വേണ്ടി രംഗത്തുണ്ടെന്ന് സന്തോഷ്‌കുമാർ പറഞ്ഞു.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ പി കെ ശ്രീമതിയും സി എസ് സുജാതയും കന്യാസ്‌ത്രീകളെ സന്ദർശിച്ചു.









0 comments