ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള ഭൂമി ഏറ്റെടുക്കൽ; നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം പ്രതിരോധ പദ്ധതികൾക്കായി 537 ഏക്കർ ഭൂമി ഏറ്റെടുത്തതിന് നൽകിയ നഷ്ടപരിഹാരം വർധിപ്പിച്ച ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. ഗുവാഹത്തി ഹൈക്കോടതിയുടെ ഇറ്റാനഗർ ബെഞ്ചിന്റെ 2025 മാർച്ചിലെ ഉത്തരവിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സ്റ്റേ. ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
ഗുണഭോക്താക്കൾക്കുള്ള നഷ്ടപരിഹാരം ഇതിനകം നൽകിയിട്ടാണ് ഭൂമി ഏറ്റെടുത്തതെന്നും പിന്നീട്, പവർ ഓഫ് അറ്റോർണിയുടെ ബലത്തിൽ ഒരാൾ റഫറൻസ് കേസ് ഫയൽ ചെയ്തുവെന്നും കേന്ദ്രം ബെഞ്ചിനെ അറിയിച്ചു. നേരത്തെ എല്ലാ ഗുണഭോക്താക്കൾക്കും ഏകദേശം 70 കോടിരൂപ നഷ്ടപരിഹാരം നൽകിയിരുന്നുവെന്ന് അതിൽ പറയുന്നു, എന്നാൽ 2024 ഒക്ടോബറിൽ റഫറൻസ് കേസിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അത് 410 കോടിയിലധികമായി വർധിപ്പിച്ചു. അതിനാൽ തന്നെ പവർ ഓഫ് അറ്റോണി വ്യാജമാണെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ വാദിച്ചത്.









0 comments