'എസ്ടി പദവി നൽകണം'; ജാർഖണ്ഡിൽ ട്രെയിൻ തടഞ്ഞ് കുഡ്മി വിഭാഗത്തിന്റെ പ്രതിഷേധം

കുഡ്മി വിഭാഗക്കാർ റെയിൽ പാത ഉപരോധിക്കുന്നു
റാഞ്ചി: ജാർഖണ്ഡിൽ കുഡ്മി വിഭാഗക്കാർ റെയിൽ പാത ഉപരോധിക്കുന്നു. കുഡ്മലി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും പട്ടികവർഗ (എസ്ടി) പദവി നൽകണമെന്നും ആവശ്യപ്പെട്ടാണ് കുഡ്മി വിഭാഗക്കാർ പ്രതിഷേധിക്കുന്നത്. നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
നിലവിൽ ഒബിസി വിഭാഗത്തിലാണ് കുഡ്മി സമുദായത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദീർഘനാളായി എസ്ടി പദവി നൽകണമെന്ന ആവശ്യമുന്നയിക്കുന്നുവെങ്കിലും തങ്ങളെ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. റാഞ്ചിയിലെ റായ് സ്റ്റേഷനിലും, ഗിരിധിയിലെ പരസ്‌നാഥിലും, ബൊക്കാറോ ജില്ലയിലെ ചന്ദ്രപുരയിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആദിവാസി കുഡ്മി സമാജിന്റെ (എകെഎസ്) നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പ്രതിഷേധം നടക്കുന്ന പ്രദേശത്തിന്റെ മുന്നൂറ് കിലോമീറ്റർ ചുറ്റളവിൽ റാഞ്ചി ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. മുരി, സില്ലി, ഖലാരി, തതിസിൽവായ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാത്രി 8 മുതൽ സെപ്തംബർ 21 ന് രാവിലെ 8 മണി വരെ ഉത്തരവ് പ്രാബല്യത്തിലുണ്ട്. കിഴക്കൻ സിംഗ്ഭും ജില്ലയിലെ ടാറ്റാനഗർ, ഗോവിന്ദ്പൂർ, രാഖ മൈൻസ്, ഹാൽദിപോഖർ സ്റ്റേഷനുകളിലും 100 മീറ്റർ ചുറ്റളവിൽ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനും റെയിൽവേ ട്രാക്കുകൾ വൃത്തിയാക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എജെഎസ്‌യു ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർടികൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. ജാഗ്രത വർധിപ്പിക്കാനും, സുരക്ഷയ്ക്കായി അധിക സേനയെ വിന്യസിക്കാനും, സെൻസിറ്റീവ് സ്റ്റേഷനുകളിൽ സിസിടിവികളും ഡ്രോണുകളും സ്ഥാപിക്കാനും ഡിജിപി അനുരാഗ് ഗുപ്ത വെള്ളിയാഴ്ച പൊലീസിന് നിർദ്ദേശം നൽകി.









0 comments