വിവിഐപി 
പാസ് നിര്‍ത്തലാക്കി

കുംഭമേള സംഘാടനത്തിലുണ്ടായ ഗുരുതര പാളിച്ച ; പ്രതിക്കൂട്ടിൽ ആദിത്യനാഥ്‌

kumbhamela tragedy
വെബ് ഡെസ്ക്

Published on Jan 31, 2025, 02:15 AM | 2 min read


ന്യൂഡൽഹി : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്‌ക്കിടെ നിരവധിപേർ കൊല്ലപ്പെട്ടതിന്‌ പിന്നിൽ സംഘാടനത്തിലുണ്ടായ ഗുരുതര പാളിച്ച. വിവിഐപികൾക്ക്‌ മാത്രം പരിഗണന നൽകിയതും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒരുക്കാത്തതും മതിയായ സുരക്ഷാസജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതും വൻദുരന്തത്തിന്‌ കാരണമായി.


പാളിച്ചകൾ മറച്ചുവച്ച്‌ ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂഴ്‌ത്തിവയ്‌ക്കാനാണ്‌ യോഗിആദിത്യനാഥ്‌ സർക്കാർ സർവ സംവിധാനങ്ങളും ഉപയോഗിക്കുന്നത്‌. 30 പേർ മരിച്ചെന്നാണ്‌ ഔദ്യോഗിക കണക്കുകൾ. യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന്‌ റിപ്പോർട്ടുകളുണ്ട്‌.


ബുധൻ പുലർച്ചെ വൻദുരന്തമുണ്ടായ ‘സംഗ’മിൽനിന്ന്‌ രണ്ടുകിലോമീറ്റർ മാത്രം അകലെയുള്ള ത്സൂസിയിലും പുലർച്ചെ 5.55ഓടെ വലിയ രീതിയിലുള്ള തിക്കുംതിരക്കുമുണ്ടായി. ഇവിടെ നിരവധി പേരുടെ വസ്‌ത്രങ്ങളും ചെരിപ്പുകളും മറ്റും ചിതറിക്കിടക്കുന്ന ദൃശ്യം പുറത്തുവന്നു. കുന്നുകൂടിക്കിടക്കുന്ന വസ്‌ത്രങ്ങളും ചെരിപ്പുകളും ബോട്ടിലുകളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ നീക്കുന്ന ദൃശ്യം ഡിജിറ്റൽ മാധ്യമങ്ങളാണ്‌ പുറത്തുവിട്ടത്‌. ഇതോടെ, ഇവിടെയുണ്ടായ തിക്കിലുംതിരക്കിലും നിരവധി പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടിരിക്കാനും നൂറുകണക്കിനാളുകൾക്ക്‌ പരിക്കേറ്റിരിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്നു. എന്നാൽ, രണ്ടുസ്ഥലത്തെയും തിക്കിലും തിരക്കിലുമാണ്‌ 30 പേർ മരിച്ചതെന്നാണ്‌ അധികൃതരുടെ വിശദീകരണം. കാണാതായവര്‍ക്കായി നൂറുകണക്കിനാളുകള്‍ അധികൃതരുടെ മുന്നില്‍ കയറി ഇറങ്ങുകയാണ്.


അതേസമയം, കുംഭമേളയ്‌ക്ക്‌ എത്തുന്നവർക്ക്‌ വിശ്രമിക്കാൻ ഒരുക്കിയ ടെന്റുകൾക്ക്‌ തീപിടിച്ചതും വലിയ പരിഭ്രാന്തി പടർത്തി. വ്യാഴാഴ്‌ച പകൽ ചാട്ട്‌നാഗ്‌ ഘാട്ടിനും നാഗേശ്വർ ഘാട്ടിനും ഇടയ്‌ക്കുള്ള പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ 15 ലേറെ ടെന്റുകൾ പൂർണമായും കത്തിനശിച്ചു. മഹാകുംഭമേള നടക്കുന്ന പ്രദേശത്തേക്കുള്ള റോഡുകളിലെ തടസ്സങ്ങൾ ഇനിയും നീക്കിയിട്ടില്ലാത്തതിനാൽ അഗ്നിശമന സേന സംഭവസ്ഥലത്തേക്ക്‌ എത്താൻ ഏറെ പ്രയാസപ്പെട്ടു.


തീ പടർന്നുപിടിക്കാത്തത്‌ കൊണ്ട്‌ മാത്രം വലിയ ദുരന്തം ഒഴിവായെന്ന്‌ അഗ്നിശമന സേനാംഗങ്ങൾ പ്രതികരിച്ചു. അനധികൃതമായി സജ്ജീകരിച്ച ടെന്റുകൾക്കാണ്‌ തീപിടിത്തമുണ്ടായതെന്നാണ്‌ അധികൃതരുടെ അവകാശവാദം. ഈ മാസം 19ന്‌ പ്രയാഗ്‌രാജിലെ സെക്ടർ19ൽ ഗ്യാസ്‌സിലിണ്ടറുകൾക്ക്‌ തീപിടിച്ച്‌ നിരവധി ടെന്റുകൾ കത്തിനശിച്ചിരുന്നു.


അന്ന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. എന്നാൽ, അതുകൊണ്ടൊന്നും ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തം.


ആദിത്യനാഥ്‌ സർക്കാരിന്റെ സമ്പൂർണമായ പിടിപ്പുകേടാണ്‌ ദുരന്തങ്ങൾക്ക്‌ കാരണമെന്ന്‌ പ്രതിപക്ഷം ആരോപിച്ചു.


ഒടുവില്‍ വിവിഐപി 
പാസ് നിര്‍ത്തലാക്കി

കുംഭമേളയില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ വിവിഐപി പാസുകള്‍ നിര്‍ത്തലാക്കി യുപി സര്‍ക്കാര്‍. വിവിഐപികള്‍ക്കായുള്ള ബാരിക്കേഡുകള്‍ സ്ഥാപിച്ചതാണ് തിരക്ക് വര്‍ധിക്കാനും അപകടമുണ്ടാകാനും കാരണമായതെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.


കുംഭമേളക്ക് എത്തിയ വിഐപികളിലേക്ക് സുരക്ഷാ സന്നാഹം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഫെബ്രുവരി നാല്‌ വരെ നഗരത്തിലേക്ക്‌ വാഹനങ്ങൾക്ക്‌ പൂർണവിലക്കേർപ്പെടുത്താനും തീരുമാനമുണ്ട്‌. ദുരന്തത്തിന്‌ ഇടയാക്കിയ കാരണങ്ങൾ പഠിക്കാൻ അന്വേഷണ കമീഷനെ ചുമതലപ്പെടുത്തി. റിട്ട.ജഡ്‌ജി ഹർഷ്‌കുമാർ, മുൻ ഡിജിപി വി കെ ഗുപ്‌ത, റിട്ട. ഐഎഎസ്‌ ഉദ്യോഗസ്ഥൻ ഡി കെ സിങ്‌ എന്നിവരാണ്‌ കമീഷൻ അംഗങ്ങൾ.


ട്രെയിന്‍ ടിക്കറ്റിലും കൊള്ള

മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തരെ പിഴിഞ്ഞ് റെയിൽവെയും. സു​ഗമമായ തീര്‍ഥാടനത്തിന് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും കുംഭമേള സമാപിക്കുന്ന ഫെബ്രുവരി 26 വരെ വെയിറ്റിങ് ലിസ്റ്റാണ് കാണിക്കുന്നത്. ചില യാത്രക്കാര്‍ കൂടുതൽ തുക നൽകി തത്കാൽ ടിക്കറ്റ് എടുക്കുന്നു. മറ്റു ചിലര്‍ ദീര്‍ഘദൂര സ്റ്റേഷനുകളിലേക്ക് കൂടുതൽ തുക നൽകി ടിക്കറ്റെടുത്ത് പകുതിവഴിക്ക് പ്രയാ​ഗ്‍രാജിൽ ഇറങ്ങും. വിമാനടിക്കറ്റിലെ കൊള്ളനിരക്ക് വ്യാപക വിമര്‍ശമുയര്‍ന്നതിന് പിന്നാലെയാണ് റെയിൽവെയുടെ കൊള്ള.



deshabhimani section

Related News

View More
0 comments
Sort by

Home