മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞു; ആദിത്യനാഥിനെ വിമർശിച്ച് സമാജ്‌വാദി പാർടി എംപി ജയ ബച്ചൻ

photo credit: X
ന്യൂഡൽഹി: കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞതിനാൽ ഉത്തർപ്രദേശിലെ നദിയിലെ വെള്ളം മലിനമായെന്ന് സമാജ്‌വാദി പാർടി എംപി ജയ ബച്ചൻ.
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ സാധാരണക്കാർക്കായി പ്രത്യേക സംവിധാനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.
"ഇപ്പോൾ ഏറ്റവും കൂടുതൽ മലിനമായ വെള്ളം എവിടെയാണ്? അത് കുംഭമേള നടക്കുന്ന ഇടത്താണ്. (തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ) മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിഞ്ഞു വെള്ളം മലിനമായതിനാൽ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. സാധാരണ ജനങ്ങൾക്ക് അവിടെ പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ല. ഒരു ക്രമീകരണവുമില്ല അവിടെ" ജയ ബച്ചൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ലെന്നും ജനുവരി 29 ന് 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യുപി സർക്കാർ പൂർണമായും കണ്ണടച്ചിരിക്കുകയാണെന്നും ജയ ബച്ചൻ പറഞ്ഞു.
സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടി നേതാക്കൾ ഉത്തർപ്രദേശ് സർക്കാർ കുംഭമേളയിൽ മരിച്ചവരുടെ എണ്ണം "മറച്ചു"വെക്കുകയാണെന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നു. പാർലമെന്റിൽ ഇതേക്കുറിച്ച് ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. കുംഭമേളയിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി എന്നാണ് അനൗദ്യോഗിക കണക്കുകള്‍. 30 പേര്‍ മരിച്ചെന്നാണ് യുപി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 48ൽ എത്തിയെന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തിരുന്നു.









0 comments