കൊൽക്കത്ത കൂട്ടബലാത്സംഗം: പ്രതികൾ കൃത്യത്തിന്റെ ദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിൽ നിയമ വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകൾ. ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതായും യുവതിയെ ഭീഷണിപ്പെടുത്തിയതായും മുഖ്യപ്രതിയായ തൃണമൂൽ വിദ്യാർഥി നേതാവ് മനോജിത് മിശ്ര പൊലീസിൽ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. ജൂൺ 25 വൈകുന്നേരം കൊൽക്കത്ത ലോ കോളേജിലാണ് ക്രൂര പീഡനമുണ്ടായത്. ഭീഷണിപ്പെടുത്തിയാൽ യുവതി വിവരം പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്യില്ല എന്നാണ് കരുതിയതെന്നും മനോജിത്ത് പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുവതി അച്ഛനെ വിളിച്ചതോടെ മനോജിത്ത് മിശ്ര, പ്രമിത് മുഖോപാത്യായ്, സൈബ് അഹമ്മദ് എന്നിവർ കോളേജ് വിട്ടു. ഇത് സ്ഥിരീകരിക്കാൻ മൂന്ന് പേരുടേയും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. കോളേജ് വിട്ടെങ്കിലും പെൺകുട്ടി പരാതി നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മനോജിത്ത് സുഹൃത്തുക്കളോട് പറഞ്ഞതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കസബ പോലീസ് സ്റ്റേഷനാണ് കോളേജിനോട് ഏറ്റവും അടുത്തുള്ളത്. ഇവിടെ യുവതി എത്തുന്നുണ്ടോ എന്ന് മനോജിത്ത് നിരീക്ഷിച്ചിരുന്നു.
ജൂൺ 26 ന് വൈകുന്നേരം കോളേജ് ക്യാമ്പസിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ബാലിഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫേൺ റോഡിൽ മനോജിത്തും സൈബും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് വൈകുന്നേരമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് രാത്രിയിൽ പ്രമിതിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുന്നതിന് മുമ്പ് പ്രതികൾ ആരെയെങ്കുലും ഫോണിൽ ബന്ധപ്പെടാൻ ശ്രമം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗത്തിന്റെ നേതാവും പൂർവ്വ വിദ്യാർഥിയുമായ മനോജിത് കോളേജിൽ കരാർ ജീവനക്കാരനായിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു. കോളേജിലെ സെക്യൂരിറ്റി ഗാർഡ് ഉപയോഗിച്ചിരുന്ന മുറിയിലാണ് ക്രൂരബലാത്സംഗം നടന്നത്. മുറിയിലെ ബെഡ് ഷീറ്റ് പോലുള്ള വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. മനോജിത്തിനെതിരെ 11 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു, അവയിൽ പലതും സ്ത്രീകളോട് മോശമായി പെരുമാറിയതും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടതാണ്. ഈ കേസുകളിൽ അയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
സൗത്ത് കൊൽക്കത്ത ലോ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. നയന ചാറ്റർജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച കൊൽക്കത്ത പോലീസിന്റെ ഡിറ്റക്ടീവ് വകുപ്പ് (ഡിഡി) കുറ്റകൃത്യത്തിന്റെ അന്വേഷണം ഏറ്റെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രത്യേക അന്വേഷണം സംഘമാണ് നിലവിൽ ക്സ് അന്വേഷിച്ചിരുന്നത്. അതേസമയം, പശ്ചിമ ബംഗാൾ ബാർ കൗൺസിൽ മനോജിത് മിശ്രയുടെ ലൈസൻസ് റദ്ദാക്കി. അഭിഭാഷകവൃത്തിയിൽ നിന്ന് വിലക്കിയിട്ടുണ്ട്. പരാതി ലഭിച്ച് ഏഴ് ദിവസത്തിന് ശേഷമാണ് ബാർ കൗൺസിൽ നടപടി സ്വീകരിച്ചത്.









0 comments