വ്യാവസായിക സഹകരണത്തിനായി കേരളവും തമിഴ്‌നാടും കൈകോർക്കുന്നു

ചെന്നൈ: ബഹുമുഖ മേഖലകളിലെ സംയുക്ത വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അന്തർസംസ്ഥാന സഹകരണത്തിനായി ഒരു മാതൃക വികസിപ്പിക്കാൻ കേരളവും തമിഴ്‌നാടും. കേരള വ്യവസായ മന്ത്രി പി രാജീവും തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ. ടി ആർ ബി രാജയും തമ്മിൽ തിങ്കളാഴ്ച ചെന്നൈയിൽ നടന്ന ചർച്ചയിലാണ് കരാറിന് ധാരണയായത്.
ഇലക്ട്രോണിക്സ്, ധാതു വിഭവങ്ങൾ, നൂതന നിർമ്മാണം, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ അഞ്ചിലധികം മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകളാണ് ഇരു സംസ്ഥാനങ്ങളും കാണുന്നത്. കേരളം തമിഴ്‌നാടിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ 'ഗൈഡൻസ് തമിഴ്‌നാടു'മായി സഹകരിക്കും. സഹകരണത്തിനുള്ള മാർഗ്ഗരേഖയ്ക്ക് രൂപം നൽകുന്നതിനായി 15 ദിവസത്തിനകം സെക്രട്ടറിതല യോഗം ചേരാനും ധാരണയായിട്ടുണ്ട്.
സംസ്ഥാനങ്ങൾ തമ്മിൽ കിടമത്സരമല്ല, ആരോഗ്യപരമായ സഹകരണമാണ് ആവശ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കാഴ്ചപ്പാട് ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. അഞ്ചിലധികം മേഖലകളിൽ തമിഴ്നാടുമായി ഔദ്യോഗികമായി സഹകരണം സാധ്യമാകും വിധത്തിലാണ് ആദ്യഘട്ട ചർച്ച സമാപിച്ചത്. പൊതുമേഖലയ്ക്ക് പുറമെ സ്റ്റാർട്ടപ്പ് രംഗത്തും ടെക്നോളജി മേഖലയിലുമുൾപ്പെടെ പരസ്പര സഹകരണം ഉറപ്പ് വരുത്തുന്നതിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മന്ത്രി പറഞ്ഞു.
നവംബർ 11-ന് ഡൽഹിയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയുടെ തുടർച്ചയാണ് ഈ സഹകരണ നീക്കം. "സംസാരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ, ഞങ്ങൾ കൃത്യമായ മാർഗനിർദേശങ്ങളുള്ള ഒരു കൂടിക്കാഴ്ച നടത്തി. മുന്നോട്ടുള്ള വ്യക്തമായ പാതയുമൊരുക്കി. ചർച്ചയെക്കുറിച്ച് ഡോ. ടി ആർ ബി രാജ എക്സിൽ കുറിച്ചു.
ശക്തമായ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം രാജ്യത്തെ ജനങ്ങൾക്ക് വലിയ നേട്ടങ്ങളുണ്ടാക്കുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കാഴ്ചപ്പാടുമായി ഈ ശ്രമം യോജിച്ചുപോകുന്നതായി രാജ പറഞ്ഞു.
ഈ പങ്കാളിത്തം വ്യവസായങ്ങളെ ശക്തിപ്പെടുത്താനും സംരംഭകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ദക്ഷിണേന്ത്യയിലുടനീളം വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാനും കഴിയുന്ന ഒരു കൂട്ടായ യാത്രയുടെ തുടക്കമാണെന്നും പി രാജീവ് അഭിപ്രായപ്പെട്ടു.









0 comments