'കേരളം മികച്ചത്, അതിനാല്‍ എയിംസ് അനുവദിച്ചില്ല': കേന്ദ്ര ആരോഗ്യമന്ത്രിയുടെ മറുപടി

ന്യൂഡൽഹി : മികച്ച ആരോഗ്യസംവിധാനങ്ങൾ നിലവിലുള്ളത് കൊണ്ടാണ് കേരളത്തിന് എയിംസ് അനുവദിക്കാത്തതെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രി ജെ പി നദ്ദയാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. മികച്ച സർക്കാർ, സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ ഇല്ലാത്ത മേഖലകളിലാണ് ഇപ്പോൾ എയിംസ് അനുവദിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലും ഉത്തരേന്ത്യയിലും എയിംസുകൾ അനുവദിച്ചു. ആരോഗ്യമേഖലയിൽ പ്രാദേശികമായ അസന്തുലിതാവസ്ഥകൾകൂടി പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. കേരളത്തിന്റെ കാര്യവും പരിഗണിക്കും–- നദ്ദ മറുപടി നൽകി.
കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽനിന്നും കേന്ദ്രസർക്കാരിനെ തടയുന്നത് എന്താണെന്ന പി സന്തോഷ്‌കുമാർ എംപിയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രിയുടെ മറുപടി. ആരോഗ്യമന്ത്രിയുടെ വിചിത്രമായ വിശദീകരണത്തിൽ കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാർ ശക്തമായി പ്രതിഷേധിച്ചു. കേരളത്തിനോടുള്ള കടുത്ത അനീതിയും അവഗണനയുമാണ് മറുപടിയിൽ പ്രതിഫലിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ്, എ എ റഹിം എന്നിവർ ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിഷേധിച്ചതോടെ രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ് ധൻകർ വിഷയത്തിൽ ഇടപെട്ടു. കേരള എംപിമാരുമായി ചർച്ചകൾ നടത്തിക്കൂടേയെന്ന് അധ്യക്ഷൻ ആരോഗ്യമന്ത്രിയോട് ചോദിച്ചു. ചർച്ച തുടങ്ങിയിട്ട് കാലങ്ങളായെന്നും എത്രയുംവേഗം എയിംസ് അനുവദിക്കണമെന്നും എംപിമാർ പ്രതികരിച്ചു.









0 comments