കീം റാങ്ക്‌പട്ടിക: വിദ്യാർഥികളുടെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: കീം പരീക്ഷ റാങ്ക്‌പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സിലബസ് വിദ്യാർഥികൾ സമർപ്പിച്ച അപ്പീൽ ചൊവ്വാഴ്‌ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇതിനിടെ സിബിഎസ്‌ഇ വിദ്യാർഥികൾ തിങ്കളാഴ്‌ച തടസഹർജി ഫയൽ ചെയ്‌തു. തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവ് ഇടരുതെന്നാവശ്യപ്പെട്ടാണിത്.
സർക്കാർ നടപ്പാക്കിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലന്നും അപ്പീലിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾ പറഞ്ഞിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച പരിധിക്കപ്പുറത്തേയ്‌ക്ക് പോയ ഹൈക്കോടതി സ്വഭാവിക നീതി നിഷേധിച്ചുവെന്നും 15 വിദ്യാർഥികൾ ചേർന്നുനൽകിയ അപ്പീലിൽ പറഞ്ഞു . സംസ്ഥാന സിലബസ് വിദ്യാർഥികൾക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹാജരാവുക.
കീം ഏകീകരണത്തിനുള്ള പുതിയ ഫോർമുലയിലൂടെ എല്ലാ വിദ്യാർഥികൾക്കും തുല്യ പരിഗണന സർക്കാർ ലക്ഷ്യമിട്ടത്. മുൻ വർഷങ്ങളിൽ എൻജിനിയറിങ് പ്രവേശന പരീക്ഷ മാർക്ക് സമീകരണ രീതിയിൽ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളെക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് നിയോഗിച്ച സമിതി പുതിയ ഏകീകരണ ഫോർമുല നിശ്ചയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
എല്ലാ സിലബസിലെയും വിദ്യാർഥികൾക്ക് തുല്യരീതിയിൽ മാർക്ക് വരുമെന്നതാണ് പുതിയ ഫോർമുലയുടെ പ്രത്യേകത. റദ്ദാക്കിയ പട്ടികയിൽ കേരള സിലബസിൽ പഠിച്ചവർക്ക് മികച്ച റാങ്ക് കൈവരിക്കാനായി. സിബിഎസ്ഇ, ഐസിഎസ്-ഇ സിലബസുകാരും റാങ്കുകൾ മുൻവർഷത്തേതുപോലെ നിലനിർത്തി.
2011ലെ ഉത്തരവ് പ്രകാരമുള്ള സമീകരണ രീതിയിൽ സിബിഎസ്ഇ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന മുൻതൂക്കം ലക്ഷ്യമിട്ട് ചിലർ കോടതിയെ സമീപിച്ചു. ഫെബ്രുവരി 19ന് പ്രസിദ്ധീകരിച്ച പ്രോസ്‌പെക്‌ടസിൽ സർക്കാരിന് ഏതു സമയവും മാറ്റം വരുത്താമെന്ന് കൃത്യമായി പറഞ്ഞിരുന്നെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് പഴയ ഫോർമുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.









0 comments