അനുവദനീയമായ സമയത്തിന് ശേഷം പരസ്യം പ്രദർശിപ്പിച്ചു: പിവിആറിന് പിഴയിട്ട ഉത്തരവിന് സ്റ്റേ

ബംഗളൂരൂ : അനുവദനീയമായ സമയത്തിന് ശേഷവും പരസ്യം പ്രദർശിപ്പിച്ച പിവിആർ സിനിമാസിന് പിഴ വിധിച്ച ഉപഭോക്തൃ കോടതി വിധിക്ക് കർണാടക ഹൈക്കോടതിയുടെ സ്റ്റേ. ബംഗളൂരു അർബൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് പിവിആർ സിനിമാസ്, ഓറിയോൺ മാൾ, പിവിആർ ഐനോക്സ് ലിമിറ്റഡ് എന്നിവയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ ഉത്തരവിനാണ് താൽക്കാലികമായി സ്റ്റേ. മാർച്ച് 27 വരെയാണ് സ്റ്റേ. പരാതിക്കാരന് നോട്ടീസും അയച്ചിട്ടുണ്ട്.
അഭിഭാഷകനായ എം ആർ അഭിഷേക് നൽകിയ പരാതിയിലാണ് കഴിഞ്ഞ മാസം പിവിആറിനെതിരെ നടപടിയുണ്ടായത്. 25 മിനിറ്റോളം പിവിആറിൽ പരസ്യം കാണിച്ചെന്നും അതിനാൽ സമയ നഷ്ടം ഉണ്ടായെന്നും കാണിച്ചാണ് പരാതി നൽകിയത്. മറ്റൊരാളുടെ സമയമോ പണമോ കവരാൻ ആർക്കും അവകാശമില്ലെന്നു പറഞ്ഞാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പിവിആറിന് പിഴയിട്ടത്. ഇതിനെതിരെയാണ് പിവിആർ ഹൈക്കോടതിയെ സമീപിച്ചത്.
ബെംഗളൂരു ഉപഭോക്തൃ കോടതി പരാതിയെ ഒരു വലിയ പൊതുതാൽപ്പര്യ പ്രശ്നമായി പരിഗണിച്ചുവെന്നും ഇതിലൂടെ കമീഷൻ അതിന്റെ അധികാരപരിധി ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിന് സ്റ്റേ നൽകിയത്.
സിനിമയ്ക്ക് മുമ്പ് പരസ്യങ്ങൾ ദീർഘസമയം പ്രദർശിപ്പിക്കുന്നത് അന്യായമാണെന്ന് പറഞ്ഞ കോടതി ഫോറം അതിന്റെ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോയി എന്നും ചൂണ്ടിക്കാട്ടി. ഒരു കീഴ്ക്കോടതി അതിന്റെ അധികാരപരിധി ലംഘിക്കുമ്പോൾ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.









0 comments