മുഖ്യമന്ത്രിപദത്തിനായി കരുക്കൾ നീക്കി ശിവകുമാർ കസേര നിലനിർത്താൻ സിദ്ധരാമയ്യയും സംഘവും
കർണാടക കോൺഗ്രസിൽ തമ്മിലടി ; മുഖ്യമന്ത്രിയാകാന്‍ കലഹം

അനീഷ് ബാലൻ
Published on Jan 12, 2025, 03:13 AM | 1 min read
മംഗളൂരു
കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായുള്ള ഉൾപ്പോര് മൂർധന്യത്തിൽ. മാർച്ചിൽ ബജറ്റ് അവതരണത്തിനുശേഷം സിദ്ധരാമയ്യയെ വെട്ടി മുഖ്യമന്ത്രി പദത്തിൽ എത്താനുള്ള കരുക്കൾ നീക്കി കാത്തിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കസേര വിടാതിരിക്കാനുള്ള നീക്കങ്ങളുമായി സിദ്ധരാമയ്യയും നിലയുറപ്പിച്ചതോടെ തമ്മിലടി രൂക്ഷമായി.
സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനും രണ്ടര വർഷം വീതം മുഖ്യമന്ത്രി പദവിയെന്നാണ് നേരത്തെ ഹൈക്കമാൻഡുണ്ടാക്കിയ സമവായ ധാരണ. മുഡ അഴിമതിക്കേസിൽ സിദ്ധരാമയ്യ പ്രതി ആയതോടെ ശിവകുമാർ പിടിമുറുക്കി. ഇതോടെയാണ് ബജറ്റ് അവതരണശേഷം അധികാര കൈമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്.
വൊക്കലിംഗക്കാരനായ ശിവകുമാർ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പരസ്യമായി പലതവണ പറഞ്ഞിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനായി ദളിത്, പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള മന്ത്രിമാരോടൊപ്പം സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അത്താഴ വിരുന്ന് നടത്തി. രണ്ടര വർഷക്കാലത്തെ മുഖ്യമന്ത്രിസ്ഥാനത്തിനുപകരം, അടുത്ത തിരഞ്ഞെടുപ്പിൽ പാർടിയെ വിജയകരമായി നയിച്ച് മുഖ്യമന്ത്രിയാകുക എന്നതാണ് ശിവകുമാർ ലക്ഷ്യമിടേണ്ടതെന്ന് സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മന്ത്രിയുമായ കെ എൻ രാജണ്ണ പറഞ്ഞു. സിദ്ധരാമയ്യ ഒഴിഞ്ഞാൽ ദളിത് വിഭാഗത്തിൽനിന്നുള്ള ആളായിരിക്കണം മുഖ്യമന്ത്രി ആകേണ്ടതെന്ന് മുഖ്യമന്ത്രി കസേരയിൽ കണ്ണും നട്ടിരിക്കുന്ന ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. പരമേശ്വരയുടെ നേതൃത്വത്തിൽ കെ എൻ രാജണ്ണയുടെ പിന്തുണയോടെ ബുധനാഴ്ച അടുപ്പക്കാരായ കോൺഗ്രസ് നേതാക്കൾ, മന്ത്രിമാർ, പട്ടികജാതി/വർഗ സമുദായങ്ങളിൽനിന്നുള്ള നിയമസഭാംഗങ്ങൾ തുടങ്ങിയവരെ വിളിച്ച് നടത്താനിരുന്ന അത്താഴ വിരുന്ന് ഒടുവിൽ മാറ്റിവയ്‌ക്കേണ്ടി വന്നു. ശിവകുമാർ ഇടപെട്ട് കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വഴിയാണ് വിരുന്ന് തടഞ്ഞത്.ഉപമുഖ്യമന്ത്രിസ്ഥാനം കൂടുതൽ പേർക്ക് വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
2023 മെയ് മാസത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം ആയിരുന്നു.









0 comments