കർണാടക കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം ; നേതാക്കളടക്കം അഞ്ഞൂറോളം പേർ രാജിക്ക്

അനീഷ് ബാലൻ
Published on May 31, 2025, 03:48 AM | 1 min read
മംഗളൂരു
ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും സംഘപരിവാറിനെ പ്രീണിപ്പിക്കുകയും ചെയ്യുന്ന കോൺഗ്രസ് സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച് കർണാടകത്തിൽ സംസ്ഥാന നേതാക്കളടക്കം അഞ്ഞൂറിലേറെപ്പേർ കോൺഗ്രസ് വിടുന്നു. മംഗളൂരുവിൽ ചേർന്ന കോൺഗ്രസിലെ ന്യൂനപക്ഷ നേതാക്കളുടെ യോഗമാണ് കൂട്ടരാജിക്ക് ആഹ്വാനം ചെയ്‌തത്.
ബൂത്ത്, താലൂക്ക്, ജില്ല, സംസ്ഥാന ഘടകങ്ങളിലുള്ളവരടക്കം അഞ്ഞൂറുപേരെ ഒരാഴ്‌ചയ്‌ക്കുള്ളിൽ ബംഗളൂരുവിലെത്തിച്ച് കെപിസിസി അധ്യഷൻ ഡി കെ ശിവകുമാറിന് രാജിക്കത്ത് കൈമാറുമെന്ന് കോൺഗ്രസ് ന്യൂനപക്ഷ സെൽ പ്രസിഡന്റ് ഷാഹുൽ ഹമീദ് പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി എം എസ് മുഹമ്മദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ജി എ ബാവ, അബ്‌ദുൾ റഹിമാൻ പടുപ്പു, വഹാബ് കുദ്രോളി, ടി എം ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് രാജി പ്രഖ്യാപനം. പൊലീസ് സംഘപരിവാറിന്റെ ആജ്ഞാനുവർത്തികളായെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു. മുസ്ലിം സമൂഹത്തോട് വിവേചനം കാണിക്കുന്ന പൊലീസ്, സംഘപരിവാർ നേതാക്കളുടെ വിഷലിപ്‌തമായ പ്രസംഗങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഹമീദ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ബജ്‌റംഗ്‌ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടപ്പോൾ മൃതദേഹം സംഘപരിവാറുകാർ നിരോധനാജ്ഞ ലംഘിച്ച് പ്രകടനമായി കൊണ്ടുപോയപ്പോൾ പൊലീസ് നോക്കിനിന്നു. പൊലീസ് അനുമതി നിഷേധിച്ചിട്ടും വിഎച്ച്‌പി മൂവായിരത്തോളം പ്രവർത്തകരെ സംഘടിപ്പിച്ച് ബജ്‌പെയിൽ സമ്മേളനം നടത്തി. വിഎച്ച്‌പി നേതാക്കൾ പ്രകോപന പ്രസംഗങ്ങൾ നടത്തിയിട്ടും പൊലീസ് അനങ്ങിയില്ല. കൊലപാതക പരമ്പരകൾക്ക് പിന്നാലെ പൊലീസ് ന്യൂനപക്ഷ വിഭാഗത്തിന്റെ വ്യാപാരസ്ഥാപനങ്ങൾ മാത്രം ബലമായി അടപ്പിക്കുന്നുവെന്നും കോണ്ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ന്യൂനപക്ഷ നേതാക്കൾ കൂട്ടമായി രാജി പ്രഖ്യാപിച്ചതോടെ മംഗളൂരു പൊലീസ് കമീഷണറെയും ദക്ഷിണ കന്നഡ, ഉഡുപ്പി എസ്‌പിമാരെയും സ്ഥലംമാറ്റി പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.









0 comments