കന്നഡ നോവലിസ്റ്റ് എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ (94) അന്തരിച്ചു. മൂന്ന് മാസമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അദ്ദേഹം വർഷങ്ങളായി താമസിച്ചിരുന്ന മൈസൂരുവിൽ 26 ന് സംസ്കാരം നടത്തും. 25 ന് പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി മൃതദേഹം ബെംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയിൽ എത്തിക്കും.
ഭൈരപ്പ ആറ് പതിറ്റാണ്ടിലേറെ നീണ്ട സർഗ്ഗ ജീവിതത്തിൽ 25 നോവലുകൾ എഴുതി. അവസാനത്തേത് രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു. ഉത്തരകാണ്ഡത്തിനുശേഷം, അദ്ദേഹം എഴുത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആദ്യ നോവൽ ഭീമകായ 1958 ൽ പ്രസിദ്ധീകരിച്ചു.
മഹാഭാരതത്തിന്റെ പുനരാഖ്യാനമായ പർവ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970) എന്നീ നോവലുകൾ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു. 2010-ൽ മന്ദ്ര (2001) എന്ന നോവലിന് സരസ്വതി സമ്മാൻ അവാർഡ് നേടി. 2023-ൽ പത്മഭൂഷൺ ലഭിച്ചു.
അദ്ദേഹത്തിന്റെ നിരവധി നോവലുകൾ ബി. വി. കാരന്ത്, ഗിരീഷ് കർണാട്, ഗിരീഷ് കാസരവള്ളി, ടി. എൻ. സീതാറാം എന്നിവർ ചലച്ചിത്രമാക്കി. ബൈരപ്പയുടെ വാർധക്യ കാലത്ത് ഹിന്ദുത്വ അനുകൂല വീക്ഷണങ്ങൾ പുലർത്തി .
അദ്ദേഹത്തിന്റെ ചില നോവലുകൾ, പ്രത്യേകിച്ച് അവരാന (2007), വലിയ വിവാദങ്ങൾക്ക് കാരണമായി. മുസ്ലീം ഭരണാധികാരികളെയും മതപരിവർത്തനത്തെയും കുറിച്ചുള്ള അവരാനയിലെ ആഖ്യാനം വിവാദത്തിന് കാരണമായി.









0 comments