ജസ്റ്റീസ് വർമയുടെ വീട്ടിൽ പണം സൂക്ഷിച്ചിരുന്നത് സിആർപിഎഫ് കാവലിന്റെ മറവിൽ

Justice Varma cash row
വെബ് ഡെസ്ക്

Published on Apr 03, 2025, 01:00 PM | 1 min read

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടിൽ നിന്നും തീ അണയ്ക്കുന്നതിനിടെ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി ആഭ്യന്തര സമിതി മുമ്പാകെ ഡൽഹി പൊലീസ് മേധാവി സഞ്ജയ് അറോറ മൊഴി നൽകി. ഗാർഡ് റൂമിന് ചേർന്ന് പൂട്ടിയിട്ട നിലയിലുള്ള മുറിയിൽ നിന്നാണ് പണം കണ്ടെത്തിയത് എന്നാണ് മൊഴി.


 സുരക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന സിആര്‍പിഎഫുകാരുടെ ഗാര്‍ഡ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോര്‍ റൂമിലാണ് മാര്‍ച്ച് 14-ന് തീപ്പിടിത്തം ഉണ്ടായത്. ഈ മുറി പൂട്ടിക്കിടക്കുകയായിരുന്നുവെന്നും സഞ്ജയ് അറോറ വ്യക്തമാക്കി. സിആർപിഎഫ് കാവലിന്റെ മറവിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.  


സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 70-ല്‍ പെട്ടവര്‍ക്കാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടിലെ സുരക്ഷാ ഡ്യൂട്ടി. ഇവർക്ക് ഈ മുറിയുമായി ബന്ധമില്ല. അഗ്നിനിബാധ സംബന്ധിച്ച് ഡല്‍ഹി പോലീസിനെ അറിയിച്ചത് ജഡ്ജിയുടെ പേഴ്‌സണൽ സെക്രട്ടറിയാണ്. സെക്രട്ടറിയുടെ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡല്‍ഹി ഹൈക്കോടതിയുടെ അഡ്രസിലാണ്. ജസ്റ്റിസ് വര്‍മയുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്നു ജോലിക്കാരനാണ് തീപ്പിടിത്തം തന്നെ അറിയിച്ചത് എന്ന് പേഴ്‌സണല്‍ സെക്രട്ടറി മൊഴിനൽകിയിരുന്നതായും വ്യക്തമാക്കി. ഡല്‍ഹി പോലീസാണ് തീപ്പിടിത്തം സംബന്ധിച്ച വിവരം ഫയർ ഫോഴ്‌സിനെ അറിയിച്ചത് എന്നും സഞ്ജയ് അറോറ മൊഴി നല്‍കിയിട്ടുണ്ട്.


പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങള്‍. ഡല്‍ഹി പൊലീസിലെ ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയും തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെയും മൊഴി എടുത്തിട്ടുണ്ട്.


പൊലീസ് പകർത്തിയ വീഡിയോയാണ് ഈ സംഭവം പുറത്തെത്തിക്കുന്നതിൽ നിർണ്ണായകമായത്. 15 കോടി രൂപയോളം കണ്ടെത്തി എന്നായിരുന്നു ആദ്യത്തെ വാർത്തകൾ. പാതികരിഞ്ഞും അല്ലാതെയുമായിരുന്നു നോട്ട് കെട്ടുകൾ.


ഇത് ഗൂഡാലചനയാണ് എന്നാണ് ജസ്റ്റീസ് വർമ പ്രതികരിച്ചത്. മുറി തുറന്ന് കിടക്കുകയായിരുന്നു. ജീവനക്കാർ ഉപയോഗിച്ചു വന്നതാണ്. തന്റെയോ കുടുംബത്തിന്റെയോ അറിവിൽ ഇങ്ങനെ നോട്ടുകെട്ടുകൾ ഇല്ലെന്നും അവകാശപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home