ബാബ്‌റി മസ്‌ജിദ് ; ഒത്തുതീർപ്പ് സാധ്യത കോടതി അവഗണിച്ചെന്ന് മുൻ ജഡ്‌ജി

ന്യൂഡൽഹി
ബാബ്‌റി മസ്‌ജിദ് തകർത്തിടത്ത് രാമക്ഷേത്രം നിർമിക്കാൻ ഉത്തരവിട്ട 2019ലെ സുപ്രീംകോടതി വിധിയെ അതിരൂക്ഷമായി വിമർശിച്ച് ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകനുമായ എസ് മുരളീധർ. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുടെ മധ്യസ്ഥശ്രമം ഏറെക്കുറെ വിജയിച്ചിരിക്കെ, അത് ബോധപൂർവം അവഗണിച്ചാണ് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് വിധി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എ ജി നൂറാനി അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു മുരളീധർ.
കക്ഷികൾ ഒത്തുതീർപ്പിനുള്ള സാധ്യത പ്രകടിപ്പിക്കുമ്പോഴെല്ലാം ജഡ്‌ജിമാർ പ്രോത്സാഹിപ്പിക്കാറുണ്ട്. എല്ലാവരുടെയും ഒപ്പ് ലഭിച്ചിട്ടില്ലെങ്കിലും ഒത്തുതീർപ്പിലേക്ക് ഏറെക്കുറെ എത്തിയെന്ന് മധ്യസ്ഥർ അറിയിച്ചിട്ടും ബോധപൂർവം അവഗണിച്ചു. ഗൊഗോയി വിരമിക്കാൻ പത്തുദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ആയിരക്കണക്കിന് പേജുള്ള വിധിയുടെ കരട് വായിക്കാൻ ജഡ്‌ജിമാർക്ക് സമയം കിട്ടിയോ എന്ന് സംശയം. കക്ഷികളിൽ ആരും ക്ഷേത്രമെന്ന ആവശ്യം ഉന്നയിച്ചില്ലെങ്കിലും ക്ഷേത്രം നിർമിക്കാൻ വിധിയിൽ നിർദേശിച്ചു. നിയമപരമായ അടിത്തറയില്ലാത്തതും വ്യവഹാരങ്ങളുടെ പരിധിക്ക് പുറത്തുമാണ് വിധി. വിഗ്രഹത്തോട് ചോദിച്ചാണ് എഴുതിയതെന്ന് വിധിയിൽ പറയുന്നു. എന്നാൽ രചയിതാവ് അജ്ഞാതനാണ്. ആരാധനാലയ നിയമം ശരിവച്ചുള്ള നിരീക്ഷണങ്ങൾക്ക് വിധിയിലെ കണ്ടെത്തലുകളുമായി വൈരുധ്യമുണ്ട്.
മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ജുഡീഷ്യറി വിട്ടുവീഴ്‌ച ചെയ്യുകയാണോ എന്ന് ജഡ്‌ജിമാർ ആത്മപരിശോധന നടത്തണമെന്നും മുരളീധർ ആവശ്യപ്പെട്ടു.









0 comments