'രാജ്യത്ത് ഭരണഘടനയുടെ ലംഘനമാണ് നടക്കുന്നത്'; ഗുജറാത്ത് മുൻ എംഎൽഎ മഹേഷ് വാസവ ബിജെപി വിട്ടു

photo credit: X
അഹമ്മദാബാദ്: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്ന ആദിവാസി നേതാവും ഗുജറാത്ത് മുൻ എംഎൽഎയുമായ മഹേഷ് വാസവ ബിജെപി വിട്ടു.
രാജ്യത്ത് ഭരണഘടനയുടെ ലംഘനമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സിആർ പാട്ടീലിന് എഴുതിയ തുറന്ന കത്തിൽ മഹേഷ് വാസവ പറഞ്ഞു. മുതിർന്ന ആദിവാസി നേതാവ് ഛോട്ടു വാസവയുടെ മകനാണ് മഹേഷ് വാസവ.
ആർഎസ്എസ്-ബിജെപി പ്രത്യയശാസ്ത്രത്തെ തകർക്കാൻ രാജ്യത്തെ ആദിവാസികൾ, ഒബിസിവിഭാഗക്കാർ, മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ദരിദ്രർ എന്നിവർ ഒരുമിച്ച് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.
"ഗുജറാത്തിന്റെ വികസനത്തെക്കുറിച്ച് ബിജെപി കള്ളം പറഞ്ഞു. മറ്റൊരു പാർടിയിലും ചേരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല," അദ്ദേഹം പറഞ്ഞു. 2012 ലും 2017 ലും ദെഡിയപദയിൽ നിന്നാണ് മഹേഷ് വാസവ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2024 മാർച്ച് 11നാണ് മഹേഷ് വാസവ ബിജെപിയിൽ ചേരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഛോട്ടു വാസവ ആ സമയത്ത് മഹേഷ് വാസവയുടെ തീരുമാനത്തെ എതിർത്തിരുന്നു.
ദളിത് പാർടിയായതിനാൽ അടുത്തിടെ നടന്ന യോഗങ്ങളിൽ എൻഡിഎ അംഗങ്ങൾ അവഗണിച്ചതിന്റെ പേരിൽ ബീഹാറിലെ ആർഎൽജെപി ഇന്ന് എൻഡിഎ മുന്നണി വിട്ടിരുന്നു. '2014 മുതൽ ഇന്നുവരെ ഞാൻ എൻഡിഎയ്‌ക്കൊപ്പമുണ്ട്. ഞങ്ങൾ എൻഡിഎയുടെ വിശ്വസ്ത സഖ്യകക്ഷിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എൻഡിഎയിലെ ആളുകൾ ഞങ്ങളുടെ പാർടിയോട് അനീതി കാണിച്ചത് നിങ്ങൾ കണ്ടിരിക്കണം, കാരണം ഞങ്ങളുടേത് ഒരു ദളിത് പാർടിയാണ്,' എന്നു പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രിയും ആർഎൽജെപി മേധാവിയുമായ പശുപതി കുമാർ പരസ് ആർഎൽജെപി എൻഡിഎ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചത്.









0 comments