ബിജെപി എംപി അപരാജിത സാരംഗി അധ്യക്ഷ
print edition മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കൽ : ജെപിസിയായി

ന്യൂഡൽഹി
ഗുരുതര കേസുകളിൽ പ്രതിചേർക്കപ്പെട്ട് 30 ദിവസത്തിലേറെ തുടർച്ചയായി ജയിലിൽ കഴിയേണ്ടി വന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര–സംസ്ഥാന മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്‌തുള്ള ഭരണഘടനാ ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) ലോക്‌സഭാ സ്‌പീക്കർ രൂപം നൽകി.
ഏകപക്ഷീയമായ നിയമനിർമാണ നീക്കത്തിൽ പ്രതിഷേധിച്ച് ഭൂരിഭാഗം പ്രതിപക്ഷ പാർടികളും ജെപിസി ബഹിഷ്‌ക്കരിച്ചതിനാൽ ഭരണമുന്നണിയിലെ അംഗങ്ങളാണ് ജെപിസിയിൽ ഭൂരിഭാഗവും. പ്രതിപക്ഷ നിരയിൽ നിന്ന് എൻസിപി (പവാർ) വിഭാഗത്തിലെ സുപ്രിയ സുലെയും എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയും അകാലിദളിന്റെ ഹർസിമ്രത് കൗറും മാത്രമാണുള്ളത്.
ഭുവനേശ്വറിൽ നിന്നുള്ള ബിജെപി എംപി അപരാജിത സാരംഗിയാണ് അധ്യക്ഷ. ലോക്‌സഭയിൽനിന്ന് 21 ഉം രാജ്യസഭയിൽ നിന്ന് പത്തും അംഗങ്ങൾ. മുതിർന്ന ബിജെപി എംപിമാരായ രവിശങ്കർ പ്രസാദ്, അനുരാഗ് സിങ് ഠാക്കൂർ, ഭർതൃഹരി മെഹ്‌താബ്, പുരുഷോത്തം റുപാല, നീരജ് ശേഖർ തുടങ്ങിയവർ ജെപിസിയിലുണ്ട്. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സുധാ മൂർത്തിയും അംഗമാണ്. എൻഡിഎ ഘടകകക്ഷികളായ ജെഡിയു, ജെഡിഎസ്, ജനസേന, യുപിപിഎൽ, ടിഡിപി, എൽജെപി പസ്വാൻ എന്നീ പാർടികളുടെ പ്രതിനിധികൾക്ക് പുറമെ വൈഎസ്‌ആർസിപി, എഐഎഡിഎംകെ കക്ഷികളുടെ പ്രതിനിധികളും സമിതിയിലുണ്ട്.









0 comments