കോവിഡ് വ്യാപിക്കുന്നു ; പുതിയ വകഭേദം , രാജ്യത്ത് 257 പേർക്ക് രോഗബാധ

ന്യൂഡൽഹി
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. ആരോഗ്യമന്ത്രാലയത്തിന്റെ തിങ്കളാഴ്‌ചത്തെ കണക്കനുസരിച്ച് നിലവിൽ 257 പേർക്കാണ് രോഗബാധ. മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം ജെഎൻ1 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കേസുകൾ കൂടുതൽ ജാഗ്രതയോടെയാണ് ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നത്. സിംഗപ്പുരിലും ഹോങ്‌കോങ്ങിലും ഒമിക്രോൺ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയിൽ ഒരാഴ്‌ച കൊണ്ട് രോഗബാധിതര്‍ 12ൽ നിന്ന് 56 ആയി. കേരളത്തില്‍ 69 കോവിഡ് കേസ് റിപ്പോർട്ട്‌ചെയ്‌തു. തമിഴ്‌നാട്ടിൽ 34 കേസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കർണാടക, ഗുജറാത്ത്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, സിക്കിം സംസ്ഥാനങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഹാരാഷ്‌ട്രയിൽ കോവിഡ് ബാധിച്ച രണ്ടു പേരുടെ മരണം ആശങ്കയുണ്ടാക്കിയെങ്കിലും ഇവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗം കൂടുതൽ വ്യാപിക്കാള്ള സാധ്യതകൾ നിലവിലില്ലെന്നും ഐസിഎംആർ പ്രതിനിധികൾ അറിയിച്ചു.
സിംഗപ്പുരിൽ ഒരോ ആഴ്‌ചയും 28 ശതമാനം കേസുകൾ കൂടുന്നതായി കണ്ടെത്തി. തായ്‌ലാൻഡിൽ മെയ് 11നും 17നും ഇടയിൽ 33,030 പേർക്ക് കോവിഡ് ബാധിച്ചു. ഹോങ്‌കോങ്ങിൽ 31 കോവിഡ് മരണങ്ങൾ റിപ്പോർട്ട്‌ചെയ്‌തു.
എന്താണ് ജെഎൻ1 വകഭേദം
2023 ആഗസ്‌തിലാണ് ‘താൽപര്യങ്ങളുടെ വകഭേദം’ എന്നറിയപ്പെടുന്ന ജെഎൻ 1 വകഭേദത്തെ ലോകരോഗ്യ സംഘടന തിരിച്ചറിയുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ഇതിന് 30 ഓളം രൂപഭേദങ്ങളുണ്ട്. ജെഎൻ1 വകഭേദത്തിന്റെ ഉപവിഭാഗമായ എൽഎഫ്7 ഉം എൻബി1.8 മാണ് നിലവിലെ സിംഗപ്പുരിലെ കോവിഡ് കേസുകളിൽ മൂന്നിൽ രണ്ട് ഭാഗത്തിനും കാരണം. കോവിഡ് വാക്‌സിൻ നിർമാണത്തിൽ ജെഎൻ1 വകഭേദം ഉപയോഗിച്ചിട്ടുണ്ടെന്നും സിംഗപ്പുർ ആരോഗ്യ മന്ത്രാലയം പറയുന്നു.









0 comments