പഹൽഗാം ഭീകരാക്രമണം: 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രഖ്യാപിച്ചു. മരിച്ചവരുടെ മൃതദേഹം വീടുകളിൽ എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രം സുരക്ഷാ സേന പുറത്തുവിട്ടു. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ ഒരുമലയാളിയടക്കമുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവച്ചുവീഴ്‌ത്തുകയായായിരുന്നു. അനന്ത്നാഗിലെ പ്രശസ്‌ത വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിലെ ബൈസരൻ താഴ്‍വരയിൽ ചൊവ്വ പകൽ മൂന്നോടെയാണ് ആക്രമണമുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രാജസ്ഥാൻ, തമിഴ്നാട്, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ളവരും നേപ്പാൾ, യുഎഇ സ്വദേശികളുമുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടന ലഷ്‍കർ ഇ തായ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. എൻഐഎ അന്വേഷണം ആരംഭിച്ചു.









0 comments