ജിതേന്ദ്ര ചൗധരി സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി

അഗർത്തല: സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയായി വീണ്ടും ജിതേന്ദ്ര ചൗധരിയെ തെരഞ്ഞെടുത്തു. അഗർത്തലയിൽ നടന്ന 24ാമത് സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. ആറ് വനിതകളെ ഉൾപ്പെടുത്തി 60 അംഗ പുതിയ സംസ്ഥാന കമ്മിറ്റിയെയും 14 അംഗ സെക്രട്ടറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. നിലവിൽ ത്രിപുരയിലെ പ്രതിപക്ഷ നേതാവാണ് ജിതേന്ദ്ര ചൗധരി.
ത്രിപുരയിലെ ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുന്നത് തുടരുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൗധരി പറഞ്ഞു. എന്നിൽ വിശ്വാസം പുനഃസ്ഥാപിച്ചതിന് പാർട്ടിയോട് ഞാൻ നന്ദിയുള്ളവനാണ്. ഇത് എനിക്ക് അധിക ഉത്തരവാദിത്തമാണ്. ജനാധിപത്യവും ഭരണഘടനയും പുനഃസ്ഥാപിക്കുന്നതിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയും ജനങ്ങളെ സേവിക്കുകയും ചെയ്യുകയാണ് എൻ്റെ മുൻഗണന. അദ്ദേഹം കൂട്ടിച്ചേർത്തു.
66കാരനായ ജിതേന്ദ്ര ചൗധരി കേന്ദ്ര കമ്മിറ്റിയംഗവും മുൻ ലോക്സഭാംഗവുമാണ്. ആദിവാസി അധികാർ രാഷ്ട്രീയ മഞ്ചിന്റെ ദേശീയാധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.









0 comments