ഓപ്പറേഷൻ സിന്ദൂർ: കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി മസൂദ് അസർ; റിപ്പോർട്ട്

ലാഹോർ: ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ പറഞ്ഞതായി പിടിഐ റിപ്പോർട്ട്.
ആക്രമണത്തിൽ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, അനന്തരവളും, അഞ്ച് കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് പ്രസ്‌താവനയിൽ പറഞ്ഞു. ബഹാവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാഹ് ആയിരുന്നു ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനം. ഭീകരവാദികളുടെ റിക്രൂട്ട്മെന്റ്, പരിശീലനം എന്നിവയുടെ കേന്ദ്രമായിരുന്നു മർകസ് സുബ്ഹാൻ അല്ലാഹ്.
ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായി ബുധൻ പുലർച്ചയോടെയാണ് പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തത്. ഒമ്പത് കേന്ദ്രം ആക്രമിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷൻ. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. നീതി നടപ്പാക്കിയതായി ഇന്ത്യൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മൗലാനാ മസൂദ് അസറിന്റെ കേന്ദ്രങ്ങളാണ് തകർത്തതെന്നും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണരേഖയിൽ തുടർച്ചയായ 12–-ാം ദിവസവും പാക് സേന വെടിനിർത്തൽ ലംഘിച്ചിരുന്നു. പൂഞ്ചിൽ അതിർത്തി ലംഘിച്ച പാക് പൗരനെ സേന പിടികൂടി പൊലീസിന് കൈമാറി. ഇയാളെ ചോദ്യംചെയ്‌തു വരികയാണ്.
കോട്‍ലി, മുരിദികെ, ബഹാവൽപുര്‍, മുസഫറബാദ് എന്നിവിടങ്ങളിൽ ഇന്ത്യയുടെ ആക്രമണം പാകിസ്ഥാന്‍ സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകര സംഘടന ലഷ്‍കര്‍ ഇ തായ്ബയുടെ ആസ്ഥാനമാണ് മുരിദികെ. ഭീകരന്‍ മസൂദ് അസ്‍ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്‍ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍. അതിര്‍ത്തിയിൽ വന്‍തോതിൽ ഷെല്ലിങ് നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
യുദ്ധസാഹചര്യത്തിൽ ജനങ്ങൾ ഏതുവിധം പ്രതികരിക്കണമെന്ന് പരിശീലിപ്പിക്കുന്ന സുരക്ഷാ മോക്ക് ഡ്രിൽ ബുധനാഴ്‌ച രാജ്യവ്യാപകമായി സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട 244 സിവിൽ ഡിഫൻസ് ജില്ലകൾക്ക് പുറമെ മറ്റിടങ്ങളിലും മോക്ക് ഡ്രില്ലുണ്ടാകും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും വിപുലമായി സംഘടിപ്പിക്കും. പ്രതിരോധ സ്ഥാപനങ്ങൾ, റിഫൈനറി, തുറമുഖം, ആണവനിലയം, പവർ ഗ്രിഡുകൾ, ആശയവിനിമയ കേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാനയിടങ്ങളിലും മോക്ക് ഡ്രില്ലുണ്ടാകും. ഡൽഹി, ലക്‌നൗ, മുംബൈ തുടങ്ങി പലയിടത്തും ചൊവ്വാഴ്‌ച തന്നെ മോക്ക് ഡ്രില്ലിനുള്ള മുന്നൊരുക്കം നടത്തി. 1971ലാണ് അവസാനമായി രാജ്യവ്യാപക മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. പിന്നാലെ യുദ്ധത്തിലേക്ക് കടക്കുകയും ചെയ്‌തു. എന്നാൽ, കാർഗിൽ യുദ്ധ സമയത്ത് ഇത്തരം മോക്‌ഡ്രിൽ നടത്തിയിരുന്നില്ല.
രാജസ്ഥാൻ അടക്കം പടിഞ്ഞാറൻ അതിർത്തിയിൽ വ്യോമസേന വിപുലമായ അഭ്യാസപ്രകടനം ബുധനാഴ്‌ച നടത്തും. രണ്ടുദിവസത്തെ അഭ്യാസത്തിൽ റഫാൽ, മിറാഷ്, സുഖോയ് യുദ്ധവിമാനങ്ങൾ പങ്കെടുക്കും. അഭ്യാസത്തിന്റെ ഭാഗമായി സർക്കാർ നോട്ടീസ് ടു എയർമെൻ (നോട്ടാം) പുറപ്പെടുവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ ചൊവ്വാഴ്‌ചയും കൂടിക്കാഴ്‌ച നടത്തി. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഉന്നതതല യോഗം വിളിച്ച് മോക്ക് ഡ്രിൽ ഒരുക്കം വിലയിരുത്തി. ചീഫ് സെക്രട്ടറിമാർ സിവിൽ ഡിഫൻസ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കാളികളായി. ബുധനാഴ്‌ച മന്ത്രിസഭാ യോഗവും സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയും ചേരും.
ജമ്മു, പഞ്ചാബ് തുടങ്ങിയ അതിർത്തിമേഖലകളിലെ സ്‌കൂളുകളിൽ ഏറ്റുമുട്ടൽ സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ ഏതുവിധം വേണമെന്ന് കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങി.









0 comments