അസമിൽ ജപ്പാൻ ജ്വരം പടർന്നുപിടിക്കുന്നു; ഈ വർഷം 10 പേർ രോഗം ബാധിച്ച് മരിച്ചു

ഗുവാഹത്തി: അസമിൽ ജപ്പാൻ ജ്വരം പടർന്നുപിടിക്കുന്നു. ഈ വർഷം 10 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ഗുവാഗത്തിയിലെ സർക്കാർ മെഡിക്കൽ കോളേജിലെ കണക്ക് പ്രകാരം ഏഴ് മാസത്തിനുള്ളിൽ 44 പേർക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരുന്നതായി ജിഎംസിഎച്ച് പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ. അച്യുത് ചന്ദ്ര ബൈഷ്യ പറഞ്ഞു.
കാംരൂപ് ജില്ലയിൽ നിന്നും 14, നൽബാരിയിൽ നിന്നും 10, ദാരംഗിൽ നിന്നുള്ള ഏഴ്, കാംരൂപ് മെട്രോ ജില്ലയിൽ നിന്നും മൂന്ന് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 2015 മുതൽ 2024 വരെയുള്ള കാലയളവിൽ ജപ്പാൻ ജ്വരം ബാധിച്ച് 840-ലധികം പേർ അസമിൽ മരിച്ചതായാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 53 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
2024 നവംബറിൽ ഡൽഹിയിലെ ഉത്തം നഗറിൽ 72കാരന് ജപ്പാൻ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മറ്റ് കേസികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ദേശീയ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് നടപടികൾ സ്വീകരിച്ചതായും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
എന്താണ് ജപ്പാൻ ജ്വരം
തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന കൊതുകു ജന്യ വൈറസ് രോഗമാണു ജപ്പാൻ ജ്വരം. രോഗബാധിതരായ ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണിത്. മനുഷ്യരിൽ നിന്നും നേരിട്ട് മനുഷ്യരിലേക്ക് രോഗം പകരില്ല.
ലക്ഷണം
ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും ഓർമക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം, തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ.









0 comments