38 പേരുടെ നില ഗുരുതരം , ചെക്ക് പോസ്റ്റും കടകളും കെട്ടിടങ്ങളും ഒലിച്ചുപോയി
ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം , 46 മരണം ; നൂറിലേറെപ്പേര്‍ക്ക് പരിക്ക് , ഇരുനൂറോളംപേരെ കാണാതായി

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നു
ശ്രീനഗർ
ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടത്തിനെ തുടര്‍ന്ന് മിന്നൽപ്രളയത്തില്‍ 46 മരണം.നൂറിലേറെ പേര്‍ക്ക് പരിക്ക്. 38പേര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഇരുനൂറോളം പേരെ കാണാതായി. മരണസംഖ്യ ഉയരാൻ സാധ്യത. കെട്ടിടങ്ങളും കടകളും ചെക്ക് പോസ്റ്റുകളും ഒലിച്ചുപോയി. ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോസതിയിൽ പകൽ 12നും ഒന്നിനിടയിലുമാണ് മിന്നൽപ്രളയമുണ്ടായത്. നിരവധി സൈനികരും അപകടത്തില്‍പ്പെട്ടു. രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടേത് അടക്കം 46 മൃതദേഹം കണ്ടെടുത്തു.
ജൂലൈ 25 ആരംഭിച്ച മച്ചൈൽ മാതാ തീര്‍ഥാടന യാത്ര തുടരുന്നതിനാൽ സംഭവ സമയം നിരവധി തീർഥാടകർ സ്ഥലത്തുണ്ടായിരുന്നു. മേഘ വിസ്ഫോടനം നടന്ന പ്രദേശത്ത് സംഭവ സമയത്ത് 1200 ഓളംപേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുടുങ്ങി കിടക്കുന്ന തീർഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് രക്ഷാപ്രവർത്തകർ. റോഡിൽ ചെളിയും മണ്ണും മൂടിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. പൊലീസിനെ കൂടാതെ കരസേനയും ദേശീയ–സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ക്ഷേത്രത്തിലേക്കുള്ള തീർഥാടനം പൂർണമായും നിരോധിച്ചു. 8.5 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ മാത്രമാണ് 9,500 അടി ഉയരത്തിലുള്ള മാതാ ചണ്ഡി ക്ഷേത്രത്തിലെത്താൻ സാധിക്കുക.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കൺട്രോൾ റൂമുകൾ ആരംഭിച്ചു. സ്വാതന്ത്ര്യദിനത്തിന് നടത്താൻ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക പരിപാടികൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.









0 comments