തോണിയിൽ കോടതിയിലെത്തി ജഡ്‌ജി
ജമ്മു കശ്‌മീർ മേഘവിസ്‌ഫോടനം: മരണം 36 ആയി

തീവ്രമഴയെ തുടർന്ന് ജമ്മു– ശ്രീനഗർ ദേശീയപാതയിലെ ഉദ്ധംപുർ ഭാഗത്ത് പാലം തകർന്നനിലയിൽ
ശ്രീനഗർ
ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മരിച്ചവരുടെ എണ്ണം 36 ആയി. ഇതിൽ 32 പേരും വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് പോയ തീർഥാടകരാണ്. തിരച്ചിൽ തുടരുന്നു. ആശുപത്രിയിലുള്ള നിരവധി പേരുടെ നില ഗുരുതരം.
ചൊവ്വ രാവിലെ 8.30 മുതലുള്ള 24 മണിക്കൂറിൽ 629.4 മില്ലിമീറ്റർ മഴയാണ് ജമ്മുകശ്‌മീരിൽെ ഉദ്ധംപുരിൽ രേഖപ്പെടുത്തിയത്. സർവകാല റെക്കോഡാണിത്. മഴയ്ക്ക് ബുധനാഴ്ച നേരിയ കുറവുണ്ടായി. പകൽ പതിനൊന്നോടെ നദികളിൽ ജലനിരപ്പ് അൽപ്പം താഴ്‌ന്നു. ഝലം നദി കരകവിഞ്ഞൊഴുകുകയാണ്. അനന്ത്‌നാഗ്, ശ്രീനഗർ എന്നിവിടങ്ങളിൽ ജനവാസകേന്ദ്രങ്ങൾ വെള്ളത്തിലായി. പതിനായിരത്തിൽപ്പരംപേരെ ഒഴിപ്പിച്ചു.
മിന്നൽപ്രളയത്തിൽ റോഡുകൾ, പാലങ്ങൾ നിരവധി വീടുകൾ തുടങ്ങിയവ തകർന്നു. വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തര റെയിൽവേ 58 ട്രെയിനുകൾ റദ്ദാക്കി. 64 യാത്ര വെട്ടിച്ചുരുക്കി. മു-ഖ്യമന്ത്രി ഒമർ അബ്‌ദുള്ള പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തകരാറിലായിരുന്ന വാർത്താവിനിമയ ബന്ധങ്ങൾ പു-നഃസ്ഥാപിച്ചു.
ഹിമാചൽപ്രദേശിൽ ബിയാസ് നദി കരകവിഞ്ഞ് റെയ്‌സൺ ടോൾ പ്ലാസയിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചണ്ഡീഗഡ്– മണാലി ദേശീയപാത തകർന്നു. സത്‌ലജ്, ബിയാസ്, രവി നദികൾ കരകവിയുകയും നിരവധി ഡാമുകൾ തുറന്നുവിടുകയും ചെയ്തതോടെ പഞ്ചാബിൽ ഗുരുദാസ്‌പുർ ജില്ല പ്രളയബാധിതമായി. അരുണാചൽപ്രദേശിൽ ഏതാനും ദിവസത്തേക്ക് തീവ്രമഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പ്രളയത്തെ തുടർന്ന് പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു.
തോണിയിൽ കോടതിയിലെത്തി ജഡ്‌ജി
മേഘവിസ്‌ഫോടത്തെ തുടർന്ന് വെള്ളക്കെട്ടിലായ അനന്ത്‌നാഗിലെ ജില്ലാ കോടതിയിലേക്ക് തോണിയിലെത്തി ജഡ്‌ജി. റിമാൻഡ് കേസുകളും ജാമ്യാപേക്ഷകളും സംബന്ധിച്ച ഉത്തരവുകൾ നൽകാനാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി താഹിർ ഖുർഷിദ് റെയ്‌ന തോണിയിൽ കോടതിയിലെത്തിയത്.
രേഖകൾ സുരക്ഷിതമായി മാറ്റാൻ അദ്ദേഹം നിർദേശം നൽകി. വെള്ളപ്പൊക്കം കോടതിയെ മുക്കുമെങ്കിലും നീതി മുങ്ങിപ്പോകരുതെന്ന് ജഡ്‌ജി പ്രതികരിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫിറോസ് അഹമ്മദ് ഖാനും ഒപ്പമുണ്ടായിരുന്നു.









0 comments