അഴിമതിയുടെ നാലു ശതമാനവും ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍
ബിജെപി ഭരണ സംസ്ഥാനങ്ങളിലെ കരാർ തട്ടിപ്പ് ; ജൽജീവൻ പദ്ധതിയിൽ 16839 കോടിയുടെ ക്രമക്കേട്

അഖില ബാലകൃഷ്ണൻ
Published on May 22, 2025, 12:00 AM | 1 min read
ന്യൂഡൽഹി
കരാർ അഴിമതിയിലൂടെ ജൽ ജീവൻ മിഷൻ പദ്ധതിയിൽ രാജ്യത്ത് 16839 കോടി രൂപയുടെ അധികച്ചെലവ് വന്നതായി കണക്കുകൾ. പദ്ധതികളുടെ എസ്റ്റിമേറ്റ് തുകയെക്കാൾ വൻതുകയ്‌ക്ക് കരാറുകൾ അനുവദിച്ചാണ് തട്ടിപ്പ്.
2022 ജൂൺ 21 മുതൽ 2024 ആഗസ്‌ത് മൂന്നുവരെ അനുവദിച്ച ഒരു ലക്ഷത്തിലധികം പദ്ധതികളിൽ 14,586 പദ്ധതികൾക്കാണ് അധികച്ചെലവ് വന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ് അഴിമതിയുടെ നാലു ശതമാനവും. പദ്ധതി ചെലവിൽ 64 ശതമാനത്തിന്റെ വർധനയാണ് ഇവിടെ ഉണ്ടായത്. 508 പദ്ധതികൾക്ക് മാത്രം 10,777 കോടി രൂപ അധികച്ചെലവ്. കോവിഡ് പ്രതിസന്ധിക്കുപിന്നാലെ മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം വ്യവസ്ഥകളിൽ കേന്ദ്രസർക്കാർ മാറ്റംവരുത്തിയതാണ് അഴിമതിക്ക് വഴിയൊരുക്കിയത്.
പദ്ധതി നടപ്പാക്കുമ്പോൾ എസ്റ്റിമേറ്റ് തുകയ്‌ക്ക് മുകളിൽവരുന്ന അധികചെലവുകൾ കേന്ദ്രം വഹിക്കില്ലെന്ന മുൻ വ്യവസ്ഥയാണ്2022ൽ തിരുത്തിയത്. തുക പരിഗണിക്കാതെ ലേലംവഴിയുള്ള കരാറുകൾക്ക് അനുമതി നൽകി. സംസ്ഥാന സമിതികളുടെ അംഗീകാരത്തോടെ എത്ര ഉയർന്ന തുകയ്‌ക്കും പദ്ധതി നടപ്പാക്കാമെന്നായി. ഇതോടെ, 44 ശതമാനം പദ്ധതികളിലും 10 ശതമാനം അധികച്ചെലവ് വരുന്നു. മധ്യപ്രദേശിന് പുറമേ, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് പദ്ധതിക്ക് അധികച്ചെലവ് വന്നത്. ഇതോടെ, ജൽജീവൻ പദ്ധതി നടത്തിപ്പ് പരിശോധിക്കാൻ കേന്ദ്രം 100 അന്വേഷണ സംഘങ്ങളെ നിയോഗിച്ചു.
കൃത്യമായി പണം വിയോഗിച്ച കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കുള്ള ഫണ്ടിനെയും ഇത് ബാധിക്കും.
ജൽജീവൻ പദ്ധതിയിൽ 3.60 ലക്ഷം കോടി രൂപയാണ് ബജറ്റ്. ഇതിൽ 2.08 ലക്ഷം കോടി കേന്ദ്ര വിഹിതം. നിലവിൽ 8.29 ലക്ഷം കോടി രൂപ ചെലവ് വരുന്ന 6.4 ലക്ഷം ജലവിതരണ പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. 2.79 ലക്ഷം കോടിയുടെ അധിക ഫണ്ടുകൾ ജലശക്തി മന്ത്രാലയം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും 46 ശതമാനം വെട്ടിച്ചുരുക്കി 1.51 ലക്ഷം കോടിയാണ് അനുവദിച്ചത്.










0 comments