ജഗ്‌ദീപ് ധൻഖർ എവിടെ? ? രാജിവച്ച് ഒരുമാസം

ന്യൂഡൽഹി
കേന്ദ്രസർക്കാരുമായി തെറ്റി ഉപരാഷ്‌ട്രപതിസ്ഥാനം രാജിവച്ച ജഗ്‌ദീപ് ധൻഖർ എവിടെയാണെന്ന ചോദ്യം ഉയരുന്നു. പാർലമെന്റ് വർഷകാലസമ്മേളനം തുടങ്ങിയ ജൂലൈ 21ന് വൈകിട്ടാണ് ധൻഖർ നാടകീയമായി രാജിവെച്ചത്. ഒരുമാസം പിന്നിട്ടിട്ടും ധൻഖർ പൊതുസമൂഹത്തെ അഭിമുഖീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമായി. വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ ധൻഖറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. ധൻഖറിന്റെ ചിത്രവുമായി ‘കാണാനില്ല’ എന്ന നോട്ടീസുകൾ സമൂഹമാധ്യമങ്ങളിൾ പ്രചരിക്കുന്നു.
കേന്ദ്രത്തിന്റെയും ബിജെപിയുടെയും അപ്രീതിക്ക് ഇരയായതോടെയാണ് ധൻഖറിനെ കടുത്ത സമ്മർദം ചെലുത്തി ആരോഗ്യകാരണങ്ങളുടെ പേരിൽ രാജിവപ്പിച്ചത്. ഒൗദ്യോഗിക യാത്രയയപ്പ് നൽകുകയെന്ന സാമാന്യ മര്യാദ പോലും സർക്കാർ കാട്ടിയില്ല. ഇൗ സാഹചര്യത്തിൽ ധൻഖറിന് യാത്രയയപ്പ് നൽകാൻ പ്രതിപക്ഷം ആലോചിച്ചിരുന്നു. എന്നാൽ, ധൻഖറിനെ നേരിട്ടോ ഫോണിലോ ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് നീക്കം ഫലം കണ്ടില്ല. ധൻഖർ പ്രതിപക്ഷവുമായോ മാധ്യമങ്ങളുമായോ സംസാരിച്ചാൽ എന്തെങ്കിലും ആക്ഷേപങ്ങൾ ഉന്നയിക്കുമോയെന്ന ആശങ്കയിൽ സർക്കാരും ബിജെപിയും അദ്ദേഹത്തെ മിണ്ടാൻ അനുവദിക്കാത്തതാണെന്ന വിമർശമാണ് ഉയരുന്നത്.









0 comments