ധൻഖറിന്റെ രാജിയിൽ ചർച്ചയില്ല ; മാന്യമായ യാത്രയയപ്പും നിഷേധിച്ചു


എം അഖിൽ
Published on Jul 25, 2025, 03:32 AM | 1 min read
ന്യൂഡൽഹി
ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖറിനെ സമ്മർദം ചെലുത്തി രാജിവെപ്പിച്ചതില്‍ പാര്‍ലമെന്റില്‍ ചർച്ചയ്‌ക്ക് തയ്യാറാകാതെ കേന്ദ്രസർക്കാർ. രാജിയില്‍ വിശദീകരണം വേണമെന്ന് ഇരുസഭകളിലും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയില്ല. ചർച്ച ആവശ്യപ്പെട്ട നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷൻ തള്ളി. ധൻഖറിന് യാത്രയയപ്പ് നൽകണമെന്ന പ്രതിപക്ഷ ആവശ്യവും അംഗീകരിച്ചില്ല. ബുധനാഴ്‌ച കാര്യോപദേശക സമിതി യോഗത്തിൽ യാത്രയയപ്പ് ആവശ്യമുയർന്നെങ്കിലും കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും കിരൺ റിജിജുവും പ്രതികരിച്ചില്ല.
കേന്ദ്രമന്ത്രിസഭയിലെ ‘ഉന്നതൻ’ ധൻഖറിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. രാജിവെക്കുംമുമ്പ് പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്ന് ധൻഖർ ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. രാജിവെച്ചില്ലെങ്കിൽ ഭരണപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. അതേസമയം, രാജിക്ക് പിന്നാലെ ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതി സീൽ ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസർക്കാർ നിഷേധിച്ചു. ധൻഖറുമായി കൂടിക്കാഴ്‌ച നടത്താൻ ചില പ്രതിപക്ഷനേതാക്കൾ ശ്രമിച്ചെങ്കിലും വസതി ഒഴിയുന്നത് ഉൾപ്പടെയുള്ള തിരക്കുണ്ടെന്നും സമയമില്ലെന്നുമായിരുന്നു മറുപടി.









0 comments