ധന്‍ഖറിന് നിര്‍ബന്ധിത വിരമിക്കല്‍

Jagdeep Dhankhar resignation
വെബ് ഡെസ്ക്

Published on Jul 23, 2025, 03:22 AM | 1 min read


ന്യൂഡൽഹി

"ശരിയായ സമയത്ത്, 2027 ആ​ഗസ്‌തിൽ വിരമിക്കും.' ജെഎൻയുവിൽ ജൂലൈ 10ന് നടന്ന പരിപാടിയിൽ ഉപരാഷ്ട്രപതി ജ​ഗ്‍​ദീപ് ധന്‍ഖര്‍ പറഞ്ഞു. എന്നാല്‍, 12 ദിവസത്തിനുശേഷം അദ്ദേഹം രാജിവച്ചു. അപ്രതീക്ഷിത രാജിയിൽ രാഷ്‌ട്രീയ ദുരൂഹത കനക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും.


ധൻഖറിന്റെ രാജി രാഷ്‌ട്രപതി അം​ഗീകരിക്കുകയും രാജി സ്വീകരിച്ചതായി ആഭ്യന്തരവകുപ്പ് വിജ്ഞാപനമിറക്കുകയും ചൊവ്വാഴ്‌ച അക്കാര്യം രാജ്യസഭയെ അറിയിക്കുകയുംചെയ്‌തു. രാജ്യസഭാ അധ്യക്ഷന് യാത്രയയപ്പ്‌ നല്‍കാന്‍പോലും അം​ഗങ്ങള്‍ക്ക് അവസരമുണ്ടായില്ല. രാജിവച്ച് പതിനഞ്ചുമണിക്കൂറിനുശേഷമാണ് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്‌. "ധൻഖറിന് നല്ല ആരോ​ഗ്യം' ആശംസിക്കുന്നതായി മോദി ട്വീറ്റ്ചെയ്‌തു.


ആരോ​ഗ്യപ്രശ്നവുമായി ബന്ധപ്പെട്ടാണ് രാജിയെന്ന വാദം ധൻഖറുമായി അടുത്തബന്ധം പുലർത്തുന്ന എംപിമാരും സുഹൃത്തുക്കളും പൂർണമായും തള്ളി.

ന്യൂനപക്ഷത്തിനെതിരെ തീവ്രവിദ്വേഷപ്രസംഗം നടത്തിയ ആർഎസ്‌എസിന് പ്രിയപ്പെട്ട ജസ്റ്റിസ്‌ ശേഖർയാദവിനെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസില്‍ ധന്‍ഖര്‍ തീരുമാനം എടുക്കാത്തത് വന്‍ വിമര്‍ശത്തിന് കാരണമായി. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ എംപിമാരുടെ പ്രമേയം സഭ സ്വീകരിച്ചതായി ധന്‍ഖര്‍ സഭയെ അറിയിച്ചത്. ഇത് കേന്ദ്രസർക്കാരിനും ബിജെപിക്കും വലിയ ക്ഷീണമായി. ജസ്റ്റിസ്‌ യശ്വന്ത്‌വർമയെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 50ൽ കൂടുതൽ അംഗങ്ങൾ ഒപ്പിട്ട പ്രമേയം ലഭിച്ചിട്ടുണ്ടെന്നും ജഡ്‌ജിയെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ആയിരുന്നു പ്രഖ്യാപനം. സർക്കാരുമായി കൂടിആലോചിക്കാതെയാണ്‌ ധൻഖർ ഈ പ്രഖ്യാപനം നടത്തിയതെന്ന്‌ ചില ബിജെപി എംപിമാർ പറയുന്നു. സാങ്കേതിക കാരണങ്ങളുടെ പേരിൽ ശേഖർ യാദവിനെ പുറത്താക്കാനുള്ള പ്രമേയം രാജ്യസഭയിൽ തടഞ്ഞുവെച്ചിരിക്കുകയാണ്‌. യശ്വന്ത്‌ വർമയ്‌ക്ക്‌ എതിരെ രാജ്യസഭയിൽ ഇംപീച്ച്‌മെന്റ്‌ നടപടികൾ തുടങ്ങിയാൽ ശേഖർ യാദവിന്‌ എതിരെയും സമാനനടപടികൾക്ക്‌ തുടക്കം കുറിക്കേണ്ടി വരും. കേന്ദ്രസർക്കാരിനും ബിജെപിക്കും ഈ കാര്യത്തിൽ ഒട്ടും താൽപര്യമില്ല. കേന്ദ്രസർക്കാരിനും ആർഎസ്‌എസിനും അനഭിമതനായ ധൻഖർ രാജിവയ്‍ക്കാൻ നിർബന്ധിക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home