റോള്‍ കഴിഞ്ഞപ്പോള്‍, പുകച്ച് പുറത്തുചാടിച്ചെന്ന് പ്രതിപക്ഷം
ധൻഖറിനെ അപമാനിച്ച് പുറത്താക്കി


എം അഖിൽ
Published on Jul 23, 2025, 02:13 AM | 1 min read
ന്യൂഡൽഹി
ജഗ്‌ദീപ് ധൻഖറിനെ ഉപരാഷ്‌ട്രപതി പദത്തിൽനിന്ന് കേന്ദ്രസർക്കാരും ബിജെപിയും പുകച്ച് പുറത്തുചാടിച്ചത് രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചശേഷം. കാലാവധി പൂര്‍ത്തിയാക്കി 2027 ആഗസ്തിൽ വിരമിക്കുമെന്ന് 12 ദിവസം മുമ്പ് പ്രഖ്യാപിച്ച ധന്‍ഖര്‍ പൊടുന്നനെ രാജി പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരിന്റെയും ആർഎസ്‌എസിന്റെയും "നല്ല പുസ്‌തകത്തില്‍'നിന്ന് പുറത്തായതിനാൽ.
കർഷകപ്രക്ഷോഭത്തോടെ ഇടഞ്ഞുനിന്ന രാജസ്ഥാൻ, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ജാട്ട് വിഭാഗത്തെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പശ്‌ചിമബംഗാൾ ഗവർണായിരുന്ന ധൻഖറിനെ 2022ൽ ഉപരാഷ്‌ട്രപതി സ്ഥാനാർഥിയാക്കിയത്. ‘കിസാൻ പുത്ര’ (കർഷകന്റെ മകൻ) എന്ന പേരിലാണ് ധൻഖറിനെ ബിജെപി അവതരിപ്പിച്ചത്. മോദിസർക്കാരിനുവേണ്ടി ജുഡീഷ്യറിയെ നിരന്തരം ആക്ഷേപിച്ച ധൻഖർ സമീപകാലത്താണ് ബിജെപിക്ക് അനഭിമതനായത്.
വീട്ടില്‍നിന്ന് പണച്ചാക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് സംശയനിഴലിലായ ജഡ്‌ജി യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം ധന്‍ഖര്‍ സ്വീകരിച്ചത് ഭരണപക്ഷത്തിന് തിരിച്ചടിയായിരുന്നു. ഇംപീച്ച്മെന്റ് പ്രമേയത്തില്‍ തുടർനടപടി സ്വീകരിക്കാനുള്ള ധൻഖറിന്റെ നീക്കം കേന്ദ്രസർക്കാരിലെ പ്രമുഖർക്ക് രുചിച്ചില്ല. തിങ്കളാഴ്‌ച വൈകിട്ട് ധൻഖർ വിളിച്ച നിർണായക കാര്യോപദേശക സമിതി യോഗത്തിൽ കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും കിരൺ റിജിജുവും പങ്കെടുത്തില്ല.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രവിദ്വേഷപ്രസംഗം നടത്തിയ, ആർഎസ്‌എസിന് വേണ്ടപ്പെട്ട ജസ്റ്റിസ് ശേഖർ യാദവിനെ പുറത്താക്കണമെന്ന പ്രതിപക്ഷ പ്രമേയം രാജ്യസഭയുടെ പരിഗണനയിലുണ്ട്. വർമയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയാൽ യാദവിന് എതിരെയും നടപടി എടുക്കേണ്ടിവരും. ഇതാണ് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്.
രാജിവച്ചില്ലായിരുന്നെങ്കിൽ ഭരണപക്ഷത്തിന്റെ പിന്തുണയോടെ ധൻഖറിന് എതിരെ അവിശ്വാസ പ്രമേയം വന്നേനെയെന്ന് പ്രതിപക്ഷ എംപിമാര്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്‌ച രാജ്യസഭാ നടപടികൾക്കിടെ ‘ഞാൻ പറഞ്ഞ കാര്യങ്ങൾ മാത്രമേ രേഖയിൽ വരാൻ പാടുള്ളുവെന്ന്’ രാജ്യസഭാ നേതാവായ ജെ പി നദ്ദ ചെയറിനോട് ആക്രോശിച്ചിരുന്നു. സഭാ അധ്യക്ഷനെ മാനിക്കാതെയുള്ള കേന്ദ്രമന്ത്രിയുടെ പെരുമാറ്റം ഇറങ്ങിപ്പോകാന്‍ ധന്‍ഖറിന് കിട്ടിയ സൂചനയായി.
‘റോൾ കഴിഞ്ഞതിനാൽ ഒഴിവാക്കുക’–- എന്ന തന്ത്രമാണ് കേന്ദ്രസർക്കാരും ബിജെപിയും പയറ്റിയതെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.









0 comments